ദോഹ: ലോകകപ്പ് ഫുട്‌ബോളിന്റെ കുറ്റമറ്റ സംഘാടനത്തിന് ഖത്തറിനെ പ്രകീര്‍ത്തിച്ച് മുന്‍ ജര്‍മന്‍ താരം മെസ്യൂത് ഓസില്‍. ഖത്തറിന്റെ മികച്ച ആതിഥ്യത്തിനും സമഗ്രവും സമ്പൂര്‍ണവുമായ സംഘാടനത്തിനും നന്ദി അറിയിക്കുന്നതായും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
ഖത്തറിലെ ലോകകപ്പ് സ്‌റ്റേഡിയത്തില്‍ നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റിന്റെ കൂടെ പങ്കുവച്ചിട്ടുണ്ട്.
‘2022 ഫിഫ ലോകകപ്പിനായി ഖത്തറിലെത്താനായത് വലിയ സന്തോഷമുള്ള കാര്യമാണ്. ആതിഥ്യത്തിനും കുറ്റമറ്റ സംഘാടനത്തിനും നന്ദി പറയുന്നു. ഇവിടെയെത്തുന്നത് എല്ലായിപ്പോഴും സന്തോഷമുള്ള കാര്യമാണ്. അവശേഷിക്കുന്ന ടൂര്‍ണമെന്റിന് ഖത്തറിന് എല്ലാ നന്മയും നേരുന്നു. ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ നമ്മള്‍ക്ക് വീണ്ടും കാണാം.’ഓസില്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. കൂടെ തുര്‍ക്കിയുടെയും ഖത്തറിന്റെയും പതാകയുടെ ലോഗോയും താരം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുര്‍ക്കി വംശജനായ ഓസിലിന്റെ കുടുംബം പിന്നീട് ജര്‍മനിയിലേക്ക് കുടിയേറുകയായിരുന്നു.
അല്‍ബെയ്ത് സ്റ്റേഡിയത്തില്‍ നടന്ന സ്പെയിന്‍-ജര്‍മന്‍ മത്സരത്തിനിടെ കാണികള്‍ ഓസിലിന്റെ ചിത്രങ്ങളുമായി ഗാലറിയില്‍ എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.