Current Date

Search
Close this search box.
Search
Close this search box.

മൃതദേഹ സംസ്‌കരണം: പുതിയ മാര്‍ഗനിര്‍ദേശം തൃപ്തികരമല്ലെന്ന് വിസ്ഡം

കോഴിക്കോട്: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹ സംസ്‌കരണവുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകള്‍ നല്‍കിയ നിവേദനത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ വിഷയം പുനപരിശോധിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ടെങ്കിലും പുതുതായി പുറപ്പെടുവിപ്പിച്ച മാര്‍ഗനിര്‍ദേശം തൃപ്തികരമല്ലെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദു ലത്തീഫ് മദനി, ജന:സെക്രട്ടറി ടി.കെ അഷറഫ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ആശുപത്രി വാസത്തിനു ശേഷം മരണപ്പെടുന്ന രോഗിയുടെ പ്രോട്ടോകോള്‍ അനുസരിച്ചുള്ള ശുചീകരണമാണ് ഏറ്റവും പ്രധാനമായി ഉന്നയിച്ചിരുന്ന പ്രശ്‌നം. അതിനുള്ള അവസരം പുതിയ മാര്‍ഗനിര്‍ദേശത്തിലും ലഭിക്കുന്നില്ല. മരണപ്പെട്ട അതേ അവസ്ഥയില്‍ വിസര്‍ജ്യങ്ങള്‍ പോലും വൃത്തിയാക്കാതെയാണ് പലപ്പോഴും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ ബോഡി ബാഗിലാക്കുന്നത് എന്ന വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ആശുപത്രി അധികൃതര്‍ ബാഗിലാക്കി തരുന്നത് അതേ പ്രകാരം മറവു ചെയ്യണമെന്ന നിര്‍ദേശം മൃതദേഹത്തിന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കണമെന്നും മതാചാരങ്ങള്‍ മാനിക്കണമെന്നുമുള്ള ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണന്നും വിസ്ഡം നേതാക്കള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പിപിഇ കിറ്റ് ധരിച്ച് മതപരമായ രീതിയില്‍ കുളിപ്പിക്കാന്‍ ബന്ധുക്കള്‍ക്ക് അനുവാദം ലഭിക്കേണ്ടതുണ്ട്. അതിനാവശ്യമായ പരിശീലനം അവര്‍ക്ക് നല്‍കാവുന്നതേയുള്ളൂ. WHO യുടെ മാര്‍ഗനിര്‍ദേശത്തില്‍ ഇതിന് അനുവാദവും നല്‍കുന്നുമുണ്ട്. മൃതദേഹം കുളിപ്പിക്കല്‍, മുടി വെട്ടി കൊടുക്കല്‍, നഖം മുറിക്കല്‍ എന്നിവ ചെയ്യുമ്പോള്‍ പിപിഇ കിറ്റ്, ഫെയിസ് ഷീല്‍ഡ്, മാസ്‌ക് തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന നിര്‍ദേശങ്ങളാണ് ലോകാരോഗ്യസംഘടനയുടെ
ഏറ്റവും അവസാനമിറങ്ങിയ മാര്‍ഗ നിര്‍ദേശങ്ങളിലുള്ളൂ എന്നും സംഘടന വ്യക്തമാക്കി. കര്‍ണാടക സര്‍ക്കാറും കുളിപ്പിക്കാന്‍ അനുവാദം നല്‍കിയതായി വാര്‍ത്ത വന്നിരുന്നു.

ഇപ്പോള്‍ പുറത്ത് വന്ന മാര്‍ഗ നിര്‍ദേശത്തില്‍ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കുന്നതിനുള്ള വിലക്ക് നീക്കിയതിലൂടെ ഇതുവരെ നടപ്പാക്കിയ പല തീരുമാനങ്ങളും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരമല്ലാതെയുള്ള അനാവശ്യ പ്രോട്ടോകോള്‍ ആയിരുന്നുവെന്നത് അത്യന്തം ഗൗരവമുള്ള വിഷയമാണ്. മൃതദേഹ സംസ്‌കരണം സങ്കീര്‍ണമായ സാങ്കേതിക കുരുക്കിലകപ്പെടാനുണ്ടായ സാഹചര്യം മുഖ്യമന്ത്രി പ്രത്യേകം പരിശോധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

സാധാരണയില്‍ കൂടുതല്‍ ആഴത്തിലുള്ള ഖബറുകള്‍ വേണമെന്ന നിര്‍ദ്ദേശം ലോകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്നില്ല. പത്തടി താഴ്ചയില്‍ കുഴി എടുക്കണം എന്ന നിര്‍ദ്ദേശം ഗവണ്‍മെന്റ് ഔദ്യോഗികമായി പുറപ്പെടുവിച്ചതും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. യാതൊരടിസ്ഥാനവുമില്ലാതെ തുടര്‍ന്ന് വന്ന അനാവശ്യ കീഴ്‌വഴക്കം മാത്രമാണിത്. ഇത് പുന:പരിശോധിക്കണമെന്ന മുസ്ലിം സംഘടനകളുടെ ആവശ്യത്തോട് പുതിയ മാര്‍ഗനിര്‍ദേശം മൗനം പാലിച്ചത് ശരിയായില്ലെന്നും വിസ്ഡം പ്രസ്താവിച്ചു.

 

Related Articles