Current Date

Search
Close this search box.
Search
Close this search box.

പ്രവാസികളുടെ മടക്കം: 100 പേരുടെ യാത്രാ ചിലവ് കൂടി വെല്‍ഫെയര്‍ പാര്‍ട്ടി വഹിക്കും

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് തിരിച്ചു വരുന്ന പ്രവാസികളില്‍ നിന്ന് രണ്ടാം ഘട്ടമായി 100 പേരുടെ യാത്രാ ചിലവ് കൂടി വെല്‍ഫെയര്‍ പാര്‍ട്ടി വഹിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ച 300 ടിക്കറ്റുകള്‍ക്ക് പുറമെയാണിത്. ആദ്യ ഘട്ടത്തില്‍ നിന്ന് എംബസികള്‍ അംഗീകരിക്കുന്ന പ്രവാസികള്‍ നാട്ടിലേക്ക് വന്നു കൊണ്ടിരിക്കുന്നുണ്ട്. യാത്രാനുമതി ലഭിക്കുന്നതനുസരിച്ച് മറ്റുള്ളവരും എത്തും. കള്‍ച്ചറല്‍ ഫോറം ഖത്തര്‍, പ്രവാസി ഇന്ത്യ യു.എ.ഇ, പ്രവാസി സൗദി അറേബ്യ, വെല്‍ഫെയര്‍ കേരള കുവൈറ്റ്, പ്രവാസി വെല്‍ഫെയര്‍ ഫോറം ഒമാന്‍, വെല്‍ഫെയര്‍ ഫോറം സലാല, സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ബഹ്‌റൈന്‍ എന്നീ സംഘടനകളുമായി സഹകരിച്ചാണ് യാത്രാ സൗകര്യം ഒരുക്കുന്നത്. ടിക്കറ്റിന് അര്‍ഹരായവരെ കണ്ടെത്തുന്നത് പ്രവാസി സംഘടനകളാണ്.

മടങ്ങിയെത്താന്‍ കഴിയാതെ പ്രവാസികള്‍ കഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോഴും ആവശ്യത്തിന് വിമാനങ്ങള്‍ ഏര്‍പ്പെടുത്താതെയും ഗള്‍ഫ് രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാതെയും കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ പ്രയാസപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന ചാര്‍ജ് ഈടാക്കി സ്വന്തം പൗരന്‍മാരെ ദുരന്ത കാലത്ത് കൊള്ളയടിക്കുന്ന അപമാനകരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആവശ്യത്തിന് ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തി കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ച് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും എത്രയും വേഗം തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. എംബസികള്‍ക്ക് കീഴിലുള്ള കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ടിക്കറ്റിനും മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും വേണ്ടി കൂടി ചിലവഴിക്കണം. കേരളത്തിലേക്ക് ഇപ്പോള്‍ തിരിച്ചു വന്നു കൊണ്ടിരിക്കുന്ന പ്രവാസികള്‍ക്കും നോര്‍ക്ക പ്രഖ്യാപിച്ച 5000 രൂപ ധനസഹായം എത്രയും വേഗം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles