Current Date

Search
Close this search box.
Search
Close this search box.

‘പാകിസ്താന്‍ സിന്ദാബാദ്’ എന്നു വിളിച്ചത് തങ്ങളെന്ന് മുന്‍ എ.ബി.വി.പി നേതാക്കള്‍

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ ദേശവിരുദ്ധ മുദ്രാവാക്യങ്ങളും പാകിസ്താന്‍ സിന്ദാബാദ് എന്നും വിളിച്ചത് തങ്ങളാണെന്ന് ജെ.എന്‍.യുവിലെ മുന്‍ എ.ബി.വി.പി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ബി.ജെ.പി നേതൃത്വമാണ് ദലിത് വിഭാഗത്തില്‍പ്പെട്ട തങ്ങളോട് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെട്ടതെന്നും ജെ.എന്‍.യു എ.ബി.വി.പി യൂനിറ്റ് മുന്‍ വൈസ് പ്രസിഡന്റ് ജതിന്‍ ഗൊരയ്യ,മുന്‍ ജോയിന്റ് സെക്രട്ടറി പ്രതീപ് നര്‍വാള്‍ എന്നിവര്‍ കുറ്റസമ്മതം നടത്തിയത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് ഇരുവരും മാധ്യമങ്ങള്‍ക്കു മുന്നില്‍ സത്യം വെളിപ്പെടുത്തിയത്.

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂനിയന്‍ നേതാക്കളായ കനയ്യ കുമാര്‍,ഉമര്‍ ഖാലിദ് എന്നിവരടക്കം 10 പേര്‍ക്കെതിരെ ഡല്‍ഹി പൊലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എ.ബി.വി.പി നേതാക്കളുടെ തുറന്നു പറച്ചില്‍.

2016 ഫെബ്രുവരി ഒമ്പതിനായിരുന്നു ക്യാംപസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചത്. പരിപാടിക്കിടെ കനയ്യകുമാറടക്കമുള്ളവര്‍ പാകിസ്താന്‍ സിന്ദാബാദ് എന്നു വിളിച്ചു എന്നാരോപിച്ച് എ.ബി.വി.പിയും ബി.ജെ.പിയും ഡല്‍ഹി പൊലിസിന് കേസ് നല്‍കുകയും ഇതിന്റെതെന്ന പേരിലുള്ള വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തിനു പിന്നില്‍ എ.ബി.വി.പിയാണെന്ന് അന്നു തന്നെ ആരോപണമുണ്ടായിരുന്നു. തങ്ങളെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും എ.ബി.വി.പി പ്രവര്‍ത്തകര്‍ പരിപാടിയിലേക്ക് നുഴഞ്ഞു കയറിയാണ് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതെന്നും കനയ്യ കുമാറും വിദ്യാര്‍ത്ഥികളും നിരന്തരം പറഞ്ഞിരുന്നു.

എന്നാല്‍ പൊലിസ് ഇത് മുഖവിലക്കെടുക്കാതെ ഇവര്‍ക്കെതിരെ കേസെടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രത്യയശാസ്ത്രപരമായ തര്‍ക്കം മൂലം ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ നിന്നും രണ്ടു വര്‍ഷം ഇരുവരും രാജിവെച്ച് പുറത്തുവന്നതാണ്. രോഹിതിന്റെ മരണശേഷം തങ്ങളോട് ചാനല്‍ ചര്‍ച്ചകളില്‍ സംഭവത്തെ ന്യായീകരിച്ച് സംസാരിക്കാനും പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നതായും ഇരുവരും പറഞ്ഞു.

Related Articles