Current Date

Search
Close this search box.
Search
Close this search box.

വഖഫ് ബോര്‍ഡ് നിയമനം: പ്രതിഷേധ പരിപാടികളുമായി സമസ്ത

ചേളാരി: വഖഫ് ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട കേരള സര്‍ക്കാര്‍ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കേന്ദ്ര വഖഫ് നിയമത്തെ തകര്‍ക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭാവിപരിപാടികള്‍ ആലോചിക്കുന്നതിനായി വഖഫ് വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന പള്ളി, മദ്രസ കമ്മിറ്റി ഭാരവാഹികളടങ്ങിയ മുതവല്ലിമാരുടെ സംസ്ഥാനതല സംഗമം ഡിസംബര്‍ 2ന് വ്യാഴാഴ്ച കോഴിക്കോട്ട് ചേരുന്നതാണ്. സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ചെയര്‍മാനും അബ്ദു സ്വമദ് പൂക്കോട്ടൂര്‍ വൈസ് ചെയര്‍മാനും യു. ഷാഫി ഹാജി ചെമ്മാട് ജനറല്‍ കണ്‍വീനറും കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ വര്‍ക്കിംഗ് കണ്‍വീനറും നാസര്‍ ഫൈസി കൂടത്തായി കോ ഓര്‍ഡിനേറ്ററും സുന്നി മഹല്ല് ഫെഡറേഷന്‍, ജംഇയ്യത്തുല്‍ ഖുത്വബാ, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ അംഗങ്ങളുമായി പ്രത്യേക സമിതിക്ക് രൂപം നല്‍കി.

എസ്.എം.എഫ് നടത്തി വരുന്ന പ്രീമാരിറ്റല്‍ കോഴ്‌സ് കൂടുതല്‍ ജനകീയമാക്കുന്നതിനായി പുതിയ വെബ് ആപ്പ് ലോഞ്ച് ചെയ്യും. പ്രീമാരിറ്റല്‍ ആര്‍.പിമാരുടെ റിഫ്രഷര്‍ ട്രൈനിംഗ് ഡിസംബര്‍ 5 ന് ചെമ്മാട് ദാറുല്‍ഹുദായില്‍ വെച്ച് നടക്കും. സംഘടനാ തെരെഞ്ഞെടുപ്പ് കാമ്പയിനിന്റെ ഭാഗമായി ജില്ലാ പ്രവര്‍ത്തക സമിതി യോഗങ്ങള്‍ ഈ മാസം 20 ന് ആരംഭിക്കും. വിവിധ ജില്ലികളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കോ ഓര്‍ഡിനര്‍മാരുടെ നിയമനത്തിന് യോഗം അംഗീകാരം നല്‍കി.

എസ്.എം.എഫ് രജിസ്‌ട്രേഷന് അപേക്ഷിച്ച 38 മഹല്ലുകള്‍ക്കും എട്ട് യൂണിറ്റുകള്‍ക്കും അംഗീകാരം നല്‍കി. തീവ്രവാദ പ്രസ്ഥാനങ്ങളോടും നവീനവാദ സംഘടനകളോടും ആഭിമുഖ്യം പുലര്‍ത്തുന്ന പണ്ഡിതരെയും പ്രഭാഷകരെയും മഹല്ലുകളില്‍ നിയമിക്കാതിരിക്കാനും പരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കാനും ജാഗ്രത പുലര്‍ത്തണമെന്ന് മഹല്ല് ഭാരവാഹികളോട് യോഗം ആഹ്വാനം ചെയ്തു. വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അധ്യക്ഷനായ യോഗം സംസ്ഥാന ട്രഷറര്‍ മുക്കം ഉമര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍ തെരെഞ്ഞെടുപ്പ് കാമ്പയിന്‍ പദ്ധതികള്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് സ്വാഗതവും സെക്രട്ടറി വി.എ.സി കുട്ടി ഹാജി പാലക്കാട് നന്ദിയും പറഞ്ഞു.

Related Articles