കോഴിക്കോട്: ഡി ഫോര്‍ മീഡിയ മുന്‍ ഡയറക്ടറും ഇന്‍ഫോ മാധ്യമം മുന്‍ എഡിറ്ററുമായിരുന്ന മലപ്പുറം ഇരുമ്പുഴി വാളക്കുണ്ടില്‍ വി.കെ അബ്ദു (73) നിര്യാതനായി. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് സ്വവസതിയില്‍ വെച്ചായിരുന്നു മരണം. പരേതനായ ഇരുമ്പുഴി വാളക്കുണ്ടില്‍ വാപ്പു ഹാജിയുടെ മകനാണ്.
ഇസ്‌ലാം ഓണ്‍ലൈവിന്റെ ആരംഭകാലം മുതല്‍ ദീര്‍ഘകാലം പിന്നണിയിലുണ്ടായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്റെ ഡിജിറ്റല്‍ പതിപ്പുകളുടെ അമരക്കാരനായിരുന്നു. അടുത്തകാലം വരെ ഇസ്ലാം ഓണ്‍ലൈവില്‍ ടെക് പംക്തി കൈകാര്യം ചെയ്തിരുന്നു. അക്ഷയ പ്രൊജക്റ്റിന് പ്രാഥമിക ഘട്ടത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയയാള്‍, അല്‍ ജാമിഅ ഐ.ടി വിങ് ഡയറക്ടര്‍, മലപ്പുറം വിദ്യാനഗര്‍ പബ്ലിക് സ്‌കൂള്‍ ഭരണ സമിതി സെക്രട്ടറി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചത്. ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്നു.
കുറച്ചുകാലമായി ഹൃദയസംബന്ധിയായ അസുഖത്തിന് കോഴിക്കോട് മെട്രോ കാര്‍ഡിയാക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുന്‍പ് ചികിത്സ പൂര്‍ത്തിയായി വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ഖബറടക്കം ബുധനാഴ്ച രാവിലെ 11 മണിക്ക് ഇരുമ്പുഴി ജുമാ മസ്ജിദില്‍ നടന്നു. ഭാര്യ: ഖദീജ വരിക്കോടന്‍. മക്കള്‍: അബ്ദുസ്സലാം, ഹാരിസ്, ഷഫീഖ് (മൂവരും സൗദി) വി.കെ ഷമീം (സബ് എഡിറ്റര്‍ മാധ്യമം). മരുമക്കള്‍: നസീബ (പൂക്കോട്ടൂര്‍), തസ്‌നിയ മോള്‍ (പുല്ലൂര്‍), ഖദീജ സുഹാന (വാഴക്കാട്), സജ്‌ന (തുവ്വൂര്‍).