Current Date

Search
Close this search box.
Search
Close this search box.

ലോക ചാംപ്യന്‍ഷിപ്പ്: മജീസിയ ബാനുവിന് പിന്തുണയുമായി ‘വിഷന്‍ 2026’

ന്യൂഡല്‍ഹി: കേരളത്തിലെ ‘പവര്‍ വുമണ്‍’ എന്നറിയപ്പെടുന്ന പവര്‍ലിഫ്റ്റര്‍ മജീസിയ ബാനുവിന് പിന്തുണയും അനുമോദനവുമായി ‘വിഷന്‍2026’. റഷ്യയില്‍ വെച്ച് നടക്കുന്ന ലോക പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിന് പങ്കെടുക്കാന്‍ പോകുന്ന മജ്‌സിസയക്ക് സഹായവുമായാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ‘വിഷന്‍2026’ രംഗത്തെത്തിയത്. നേരത്തെ സ്‌പോണ്‍സര്‍ പിന്മാറിയത് മൂലം മത്സരത്തില്‍ പങ്കെടുക്കാന്‍ സാമ്പത്തികസഹായം ആവശ്യമുള്ളതായി മജീസിയ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഡല്‍ഹി വിഷന്‍ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍, വിഷന്റെ ഭാഗമായി സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന TWEET-ന്റെ(ദ വുമണ്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് ട്രസ്റ്റ്) ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ചെയര്‍പേഴ്‌സണ്‍ എ റഹ്മത്തുന്നിസ കൈമാറി.

ഡിസംബറില്‍ മോസ്‌കോയില്‍ നടക്കുന്ന പവര്‍ ലിഫ്റ്റിങ് വേള്‍ഡ് കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മജീസിയ പങ്കെടുക്കും. നിശ്ചയ ദാര്‍ഢ്യമുണ്ടെകില്‍ ലക്ഷ്യത്തിലെത്താന്‍ ഒന്നും തടസ്സമല്ലെന്ന് തെളിയിക്കുന്നതാണ് മജിസിയയുടെ നേട്ടങ്ങള്‍. പവര്‍ ലിഫ്റ്റിങില്‍ അന്താരാഷ്ട്ര-ദേശീയ തലത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മജീസിയ, മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ സ്ട്രോങ് വുമണ്‍, അഞ്ചു തവണ കോഴിക്കോട് ജില്ലയുടെ സ്ട്രോങ് വുമണ്‍ എന്നീ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

2018-ല്‍ മോസ്‌കോയില്‍ നടന്ന പവര്‍ ലിഫ്റ്റിങ് വേള്‍ഡ് കപ്പില്‍ ഗോള്‍ഡ് മെഡല്‍, 2018 വേള്‍ഡ് ഡെഡ്‌ലിഫ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍, 2018 ഒക്ടോബറില്‍ തുര്‍ക്കിയില്‍ നടന്ന വേള്‍ഡ് ആം റസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം റാങ്ക് തുടങ്ങി അന്താരാഷ്ട്ര മത്സരങ്ങളിലും നിരവധി ദേശീയ മത്സരങ്ങളിലും മിന്നുന്ന വിജയം നേടിയിട്ടുണ്ട്. പരിപാടിയില്‍ വിഷന്‍ വൈസ് ചെയര്‍മാന്‍ മമ്മുണ്ണി മൗലവി ആശംസകള്‍ അര്‍പ്പിച്ചു. സി.ഇ.ഒ പി.കെ നൗഫല്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷിറാസ് പൂവച്ചല്‍ സ്വാഗതം പറഞ്ഞു.

Related Articles