Current Date

Search
Close this search box.
Search
Close this search box.

‘സദാചാരം സ്വാതന്ത്ര്യമാണ്’: വനിത സമ്മേളനങ്ങള്‍ ശ്രദ്ധേയമായി

കോഴിക്കോട്: ‘സദാചാരം സ്വാതന്ത്ര്യമാണ്’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന കമ്മിറ്റി നടത്തുന്ന കാമ്പയിന്റെ ഭാഗമായി കേരളത്തിലെ വിവിധ ഏരിയകളില്‍ വനിത സമ്മേളനങ്ങള്‍ നടന്നു. സമ്മേളനങ്ങള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ചേന്ദമംഗല്ലൂര്‍ ഏരിയ തല ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് എ.റഹ്മത്തുന്നിസ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിന്റെ സദാചാര മൂല്യങ്ങള്‍ അടയാളപ്പെടുത്തുന്ന ജീവിത ചിട്ടയെ വളര്‍ത്തിയെടുക്കുന്നതില്‍ ജാഗ്രത വേണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഏരിയ പ്രസിഡണ്ട് ടി.ടി റസിയ അധ്യക്ഷത വഹിച്ചു. റിന്‍സി ജോണ്‍സണ്‍, ശ്രീനിഷ ടീച്ചര്‍, ഷിഫ, എസ്. ഖമറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. സുഹ്‌റ പാലിയില്‍ സ്വാഗതവും ഷഹര്‍ബാന്‍ നന്ദിയും പറഞ്ഞു. നാജിയ ഖിറാഅത്ത് നടത്തി.

കൊച്ചി ഏരിയ തല ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.വി. ജമീല ഉദ്ഘാടനം ചെയ്തു. സദാചാരം തകര്‍ന്ന ജനതക്ക് സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കാന്‍ കഴിയില്ലെന്നും മുതലാളിത്ത സംസ്‌കാരത്തിന്റെ ഉപോല്‍പന്നമാണ് കുത്തഴിഞ്ഞ ലൈംഗികതയെന്നും അവര്‍ പറഞ്ഞു.
അതുവഴി തകരുന്നത് കുടുംബമാണ്. കുടുംബം തകര്‍ന്നാല്‍ സമൂഹം തകര്‍ന്നു.പാശ്ചാത്യ രാജ്യങ്ങള്‍ പോലും അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ കാരണം കുത്തഴിഞ്ഞ ജീവിതമാണെന്ന് തിരിച്ചറിയുമ്പോഴാണ് നമ്മള്‍ അതിലേക്ക് അടുക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി സിറ്റി പ്രസിഡന്റ് സുമയ്യ നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് റഫീഖ ജലീല്‍ വിഷയമവതരിപ്പിച്ചു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ഹൈക്കോടതി സീനിയര്‍ അഭിഭാഷക സീമന്തിനി, അഞ്ജലി, കളമശ്ശേരി മുന്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ വി.എം. ആരിഫ, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡണ്ട് കെ.എ. മുഹമ്മദ്, ഏരിയ വനിതാ കണ്‍വീനര്‍ സൗദ ഫൈസല്‍, ജി.ഐ.ഒ ഏരിയ പ്രസിഡണ്ട് ഫാത്വിമ ഹിസാന എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി വനിതകള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാന വിതരണവും നടത്തി.

ശാന്തപുരം ഏരിയാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് സഫിയ അലി ഉദ്ഘാടനം ചെയ്തു. ഷക്കീല, വി.പി. സഫിയ, വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്തംഗം റുഖിയ, കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്തംഗം മുനീറ ഉമ്മര്‍, ഷമീമ നാജിയ, നൈലോഫര്‍ എന്നിവര്‍ സംസാരിച്ചു. ബശീറ സ്വാഗതവും റസീന നന്ദിയും പറഞ്ഞു. കേരളത്തിന്റെ വിവിധ ഏരിയകളില്‍ സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്. കാമ്പയിന്‍ ഡിസംബര്‍ 16ന് സമാപിക്കും.

Related Articles