Current Date

Search
Close this search box.
Search
Close this search box.

മുഴുവന്‍ അമേരിക്കക്കാരും മടങ്ങുന്നത് വരെ സൈന്യം അഫ്ഗാനില്‍ തുടരും: യു.എസ്

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും മുഴുവന്‍ അമേരിക്കക്കാരും മടങ്ങുന്നത് വരെ തങ്ങളുടെ സൈന്യം അവിടെ തുടരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

അമേരിക്കയില്‍ നിന്ന് ഓഗസ്റ്റ് 31നുള്ളില്‍ മുഴുവന്‍ സേനയെയും പിന്‍വലിക്കുമെന്ന് നേരത്തെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചാലും അഫ്ഗാനിലുള്ള മുഴുവന്‍ യു.എസ് പൗരന്മാരെയും തിരികെയെത്തിച്ചാല്‍ മാത്രമേ സൈന്യം പൂര്‍ണമായും പിന്‍വാങ്ങുകയുള്ളൂ എന്നാണ് ബുധനാഴ്ച ബൈഡന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം അയ്യായിരം പേരെ കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും യു.എസ് രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ചിലയാളുകളെ വിമാനത്താവളത്തില്‍ എത്തുന്നത് താലിബാന്‍ തടഞ്ഞിരുന്നു എന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച കിഴക്കന്‍ കാബൂളിലെ നഗരമായ ജലാലാബാദില്‍ ജനങ്ങള്‍ താലിബാന്‍ പതാക മാറ്റി അഫ്ഗാന്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും താലിബാന്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും പത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

താലിബാന്‍ ഉന്നത നേതാവ് ഹിബതുല്ല അഖുന്‍സാദയുടെ നേതൃത്വത്തില്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം, കാബൂളിലെ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് മുന്നിലും മറ്റു പരസ്യ ബോര്‍ഡിലും സ്ഥാപിച്ച സ്ത്രീകളുടെ ചിത്രങ്ങള്‍ താലിബാന്‍ പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി.

Related Articles