Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന് സഹായം നല്‍കും, പക്ഷേ താലിബാനില്ല -യു.എസ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ യു.എന്നിന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് യു.എസ് കോണ്‍ഗ്രസ് സാമ്പത്തിക സഹായം നല്‍കാന്‍ സന്നദ്ധമാണെങ്കിലും പുതിയ താലിബാന്‍ സര്‍ക്കാറിന് നേരിട്ട് നല്‍കാന്‍ സാധ്യതയില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുദ്ധക്കെടുതി നേരിടുന്ന രാജ്യത്തിന് സഹായം ലഭ്യമാക്കാന്‍ ലോക സംഘടകനകള്‍ ചര്‍ച്ചകള്‍ നടത്താന്‍ തയാറായികൊണ്ടിരിക്കുകയാണ്. അഫ്ഗാന്‍ സഹായവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 13ന് ഉന്നതതല ചര്‍ച്ച വിളിച്ചുചേര്‍ക്കാന്‍ യു.എന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് ജനീവയിലേക്ക് യാത്രതിരിക്കുകയുമാണ്.

അഫ്ഗാനിസ്ഥാനിലെ സുരക്ഷാ-ഭരണ-വികസന-മാനുഷിക ആവശ്യങ്ങള്‍ക്കായി ഏകദേശം 130 ബില്യണ്‍ ഡോളറാണ് 2001ലെ അധിനിവേശത്തിന് ശേഷം യു.എസ് നീക്കിവെച്ചത്. അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെടുകയും അഭയാര്‍ഥികളാവുകയും ചെയ്തവര്‍ക്ക് മാനുഷിക സഹായം നല്‍കുമെന്നത് ഉറപ്പാണെങ്കിലും, ഭരണകൂടത്തിന് നല്‍കില്ല; കുറഞ്ഞത് ഇപ്പോഴത്തേക്കെങ്കിലും -സഹായം ലഭ്യമാക്കുന്ന യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ റോയിറ്റേഴ്‌സ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. താലിബാന്റെ വിജയത്തിന് മുമ്പുതന്നെ അഫ്ഗാനിസ്ഥാന്‍ കാര്യമായി വിദേശ സഹായം ആശ്രയിച്ചിരുന്നു. രാജ്യത്തെ ജി.ഡി.പിയുടെ 40 ശതമാനം വിദേശ സഹായമായിരുന്നു.

18 മില്യണ്‍ അഫ്ഗാനികള്‍ മാനുഷിക ദുരന്തം അഭിമുഖീകരിക്കുകയും, കൂടാതെ 18 മില്യണ്‍ അവരോടൊപ്പം വൈകാതെ ചേരുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കി. താലിബാന്‍ ഭരണത്തെ ഭയന്ന് അഞ്ച് ലക്ഷത്തോളം പേര്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുവരെയും താലിബാന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ലെങ്കിലും അടുത്തുതന്നെ പ്രഖ്യാപനമുണ്ടാകുന്നതാണ്. അതേസമയം, താലിബാനും കാബൂളിലെ വടക്ക് പഞ്ച്ഷീര്‍ താഴ്‌വരയിലെ ചെറുത്തുനില്‍പ്പ് പോരാളികളും പോരാട്ടം തുടരുകയാണ്. ഇത് കൂടുതല്‍ സിവിലിയന്മാരെ മാറ്റിപാര്‍പ്പിക്കുന്നതിന് കാരണമാകുന്നതാണ്.

Related Articles