വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ യു.എസിനെ പ്രതിനിധീകരിക്കുന്ന പദവിയിലേക്ക് രണ്ട് വനിതാ നയതന്ത്രജ്ഞരെ നിയമിച്ച് യു.എസ്. അഫ്ഗാനിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക പ്രതിനിധിയായി റിന അമീരിയെ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ബുധനാഴ്ച നിയമിച്ചു. പുതിയ താലിബാന്‍ ഭരണകൂടത്തിന് കീഴില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യു.എസിന്റെ പുതിയ നിയമനം.
അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭരണകൂട-യു.എന്‍ ഉപദേഷ്ടാവായി റിന അമീരി രണ്ട് പതിറ്റാണ്ട് സേവനമനുഷ്ഠിച്ചിരുന്നു. അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും യു.എസ് പ്രത്യേക പ്രതിനിധിയുടെ മുതിര്‍ന്ന ഉപദേഷകയായി മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് റിന അമീരി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിദഗ്ധയായ സ്റ്റെഫാനി ഫോസ്റ്ററെയും പ്രത്യേക പ്രതിനിധിയായി ബ്ലിങ്കന്‍ നിയമിച്ചു. താലിബാന്‍ രാജ്യം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനികളെ ഒഴിപ്പിക്കാനും പുനരധിവസിപ്പിക്കാനുമുള്ള യു.എസ് നടപടികളുടെ ഭാഗമായ സ്ത്രീ, പെണ്‍കുട്ടികളുടെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു സ്റ്റെഫാനി ഫോസ്റ്റര്‍.
താലിബാന്‍ അധികാരം പിടിച്ചെടുത്ത് നാല് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ നിയമനം ഉണ്ടായിരിക്കുന്നത്. മുന്‍ പാശ്ചാത്യ പിന്തുണയുള്ള സര്‍ക്കാര്‍ തകരുകയും 20 വര്‍ഷത്തെ യുദ്ധങ്ങള്‍ക്ക് ശേഷം യു.എസ് സൈനികര്‍ പിന്‍വാങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് താലിബാന്‍ രാജ്യം പിടിച്ചെടുക്കുന്നത്.
📲വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0