വാഷിങ്ടണ്‍: ഇറാനിയന്‍ എണ്ണക്കപ്പലായ ഗ്രേസ് 1 കണ്ടെത്തി പിടിച്ചെടുക്കാന്‍ യു.എസ് വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ മാസം അന്താരാഷ്ട്ര നിയമം ലംഘിച്ചതിന് ബ്രിട്ടീഷ് നാവികസേന കീഴടക്കിയ കപ്പല്‍ പിടിച്ചെടുക്കാനാണ് യു.എസ് ഉത്തരവിട്ടത്. 43 ദിവസത്തെ കസ്റ്റഡിക്കു ശേഷം കപ്പലിനെ മോചിപ്പിക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
കപ്പലിനെ ബ്രിട്ടീഷ് മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് മാറ്റാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ കപ്പല്‍ ഇപ്പോഴും ബ്രിട്ടീഷ് മേഖലയില്‍ തന്നെയാണ് നങ്കൂരമിട്ടിരിക്കുന്നത്. ജൂലൈ നാലിനായിരുന്നു യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ചുവെന്നാരോപിച്ച് ബ്രിട്ടീഷ് റോയല്‍ മറൈന്‍ ഇറാന് കപ്പല്‍ കസ്റ്റഡിയിലെടുത്തത്. സിറിയയിലേക്ക് എണ്ണ കൊണ്ടുപോകുന്ന ചരക്കുകപ്പലായിരുന്നു ഇത്. ഇറാന്റെ സൈന്യമായ ഐ.ആര്.ജി.സിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യു.എസ് നീതിന്യായ വകുപ്പ് കപ്പല്‍ പിടിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.