Current Date

Search
Close this search box.
Search
Close this search box.

ആദ്യ ഇസ്രായേല്‍ ജനന സര്‍ട്ടിഫിക്കറ്റ് പതിച്ച് നല്‍കി യു.എസ്

വാഷിങ്ടണ്‍: ജറൂസലേമിനെ ഇസ്രായേലിന്റെ ഭാഗമായി അംഗീകരിച്ച് ഇസ്രായേലില്‍ ജനിച്ച യു.എസ് പൗരന് ആദ്യത്തെ ജനന സര്‍ട്ടിഫിക്കറ്റ് പതിച്ച് നല്‍കി അമേരിക്ക. ജറൂസലേമിനെ ഇസ്രായേലിന്റെ ഭാഗമായി അംഗീകരിച്ച അമേരിക്കയുടെ പ്രഖ്യാപനത്തിന്റെ തുടര്‍നടപടികളുടെ ഭാഗമാണ് പുതിയ നീക്കം. ജറൂസലേമില്‍ ജനിച്ച 18കാരനായ യു.എസ് പൗരന്‍ മിനാഷേം സിവോടോഫ്‌സികാണ് ഇസ്രായേലിലെ യു.എസ് അംബാസിഡറായ ഡേവിഡ് ഫ്രൈഡ്മാന്‍ ആദ്യത്തെ പാസ്‌പോര്‍ട്ട് വിതരണം ചെയ്തത്. ഇതിന് നേതൃത്വം നല്‍കിയതിന് ട്രംപിനോട് നന്ദി പറയുന്നതായി ചടങ്ങില്‍ ഫ്രൈഡ്മാന്‍ പറഞ്ഞു.

സംഭവത്തെ ശക്തമായി അപലപിച്ച് ഫലസ്തീന്‍ രംഗത്തുവന്നിട്ടുണ്ട്. യുഎസിന്റെ പാസ്പോര്‍ട്ട് നയം മാറ്റം അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര പ്രമേയങ്ങളുടെയും ലംഘനമാണെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് ആക്ഷേപിച്ചു.

അടുത്തയാഴ്ച നടക്കുന്ന യു.എസ്് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്രായേല്‍ ബന്ധം ശക്തമാക്കുന്നതിനെ ഊട്ടിയുറപ്പിക്കുന്ന നടപടിയാണ് ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. 2017ലാണ് ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷം യു.എസ് എംബസി തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഫലസ്തീനികളുടെയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും എതിര്‍പ്പ് വകവെക്കാതെയായിരുന്നു ഇത്.

Related Articles