Current Date

Search
Close this search box.
Search
Close this search box.

ട്രംപ് മാത്രമല്ല യു.എസ് ഭരണകൂടവും സുലൈമാനിയുടെ കൊലക്ക് ഉത്തരവാദിയാണ്: ഇറാന്‍

തെഹ്‌റാന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും യു.എസ് ഭരണകൂടത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍. ഇറാന്റെ സൈനിക തലവന്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പിന്നില്‍ ട്രംപ് മാത്രമല്ല യു.എസ് ഭരണകൂടവും ഉത്തരവാദിയാണെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞത്.

ട്രംപ് ആക്രമണ പദ്ധതിയെക്കുറിച്ച് യു.എസ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നില്ല. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും നേരെ ആസന്നമായ കടുത്ത ആക്രമണത്തിന് സുലൈമാനി പദ്ധതിയിടുന്നുവെന്നാണ് ട്രംപ് ആരോപിച്ചിരുന്നത്. മറ്റൊരു രാജ്യത്തിനു നേരെ അര്‍ദ്ധരാത്രി നടന്ന കൊലപാതകത്തില്‍ ഭീരുത്വം കാണിച്ച യു.എസ് ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖാതിബ് പറഞ്ഞു.

ദേശീയ തലത്തില്‍ അമേരിക്കന്‍ സര്‍ക്കാരാണ് ഇതിന് ഉത്തരം നല്‍കേണ്ടത്. ട്രംപ് എന്ന വ്യക്തിയെ ഞങ്ങള്‍ പരിഗണിക്കുന്നില്ല. യു.എസ് പ്രസിഡന്റിനെയാണ് ഞങ്ങള്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനിലെ ഏറ്റവും അധികാരമുള്ള രണ്ടാത്തെ ആള്‍ എന്ന് കരുതുന്ന ഖാസിം സുലൈമാനി ജനുവരി മൂന്നിനാണ് ബാഗ്ദാദിലെ വിമാനത്താവളത്തിനു സമീപം അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ട്രംപ് ആണ് ഡ്രോണ്‍ ആക്രമണത്തിന് ഉത്തരവിട്ടതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Related Articles