Current Date

Search
Close this search box.
Search
Close this search box.

താലിബാന്റെ ആക്രമണം അവസാനിപ്പിക്കാന്‍ സമ്മര്‍ദവുമായി യു.എസ്

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ആക്രമണം അവസാനിപ്പിക്കാന്‍ വേണ്ടി യു.എസ് ഇടപെടുന്നു. താലിബാന്‍ നേതൃത്വവുമായി മധ്യസ്ഥ ചര്‍ച്ചക്കു വേണ്ടി യു.എസിന്റെ അഫ്ഗാന്‍ വക്താവ് സല്‍മ ഖലീല്‍സാദ് ഖത്തറിലേക്ക് തിരിച്ചു. താലിബാനു മേല്‍ സൈനിക ആക്രമണം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഈ ആഴ്ച മൂന്ന് ദിവസങ്ങളിലായി നിരവധി യോഗങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും യു.സ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പറഞ്ഞു. തിങ്കളാഴ്ച മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യമറിയിച്ചത്.

അഫ്ഗാനിസ്ഥാനില്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ സംയുക്തമായി അന്താരാഷ്ട്ര പ്രതികരണം രൂപീകരിക്കാന്‍ അംബാസഡര്‍ ഖലീല്‍സാദ് ദോഹയില്‍ ഉണ്ടാകുമെന്നും അറിയിച്ചു. മേഖലയിലെയും പുറത്തുനിന്നുമുള്ള സര്‍ക്കാര്‍ പ്രതിനിധികളും സംഘടനാ പ്രതിനിധികളും ആയിരിക്കും യോഗങ്ങളില്‍ പങ്കെടുക്കുന്നതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാന്റെ നിരവധി പ്രവിശ്യ തലസ്ഥാനങ്ങള്‍ അടക്കം കൈയേറി താലിബാന്‍ രാജ്യത്ത് വലിയ ആക്രമണമാണ് നടത്തുന്നത്. സര്‍ക്കാര്‍ അധീനതയിലുള്ള 80 ശതമാനം ഭാഗവും പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടിരുന്നു.

യു.എസ് സൈന്യത്തെ അഫ്ഗാനില്‍ നിന്നും പൂര്‍ണമായി പിന്‍വലിക്കുമെന്ന് യു.എസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താലിബാന്റെ മുന്നേറ്റം ശക്തമായത്. താലിബാന്‍ അതിവേഗം രാജ്യം പിടിച്ചെടുക്കുന്നതിനിടെയും ആഗസ്റ്റ് അവസാനത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറാനുള്ള പദ്ധതിയില്‍ ഉറച്ചുനില്‍ക്കാന്‍ ബൈഡന്‍ ഭരണകൂടം ആവര്‍ത്തിച്ചു.

Related Articles