Current Date

Search
Close this search box.
Search
Close this search box.

മറ്റൊരു ഫലസ്തീന്‍ യുവതി കൂടി യു.എസ് കോണ്‍ഗ്രസിലേക്ക്

വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ഫലസ്തീന്‍ വംശജ എന്ന ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഈമാന്‍ ജൗദ. കൊളറാഡോ ഹൗസില്‍ നിന്നാണ് ഈമാന്‍ യു.എസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോബര്‍ട്ട് ആന്‍ഡ്രൂസിനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം ഇവര്‍ സീറ്റ് ഉറപ്പിച്ചത്. ‘എല്ലാവര്‍ക്കും വേണ്ടി അമേരിക്കയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഞങ്ങളത് ചെയ്തു. മുസ്ലിമും ഫലസ്തീന്‍ അമേരിക്കക്കാരിയുമായതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു’ എന്നാണ് വിജയശേഷം ഈമാന്‍ ട്വീറ്റ് ചെയ്തത്.

‘കൊളറാഡോ സംസ്ഥാന നിയമസഭയിലെ എന്റെ സമുദായത്തെയും ആളുകളെയും പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇനി ജോലി തുടങ്ങാം-‘ അവര്‍ കൂട്ടിച്ചേര്‍ത്തു. കൊളറാഡോ സംസ്ഥാനത്ത് നിന്നും വിജയിക്കുന്ന ആദ്യ മുസ്ലിം എന്ന ഖ്യാതിയും അവര്‍ സ്വന്തമാക്കി.

യു.എസ് കോണ്‍ഗ്രസിലെ മൂന്നാമത്തെ ഇസ്ലാം മത വിശ്വാസിയായിരിക്കുകയാണിവര്‍. നേരത്തെ റാഷിദ തലൈബും, ഇല്‍ഹാന്‍ ഉമറും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 1974ല്‍ ഫലസ്തീനില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളായി കൊളറാഡോയിലാണ് ജൗദ ജനിക്കുന്നത്. ഫലസ്തീന്‍-അമേരിക്കന്‍ റാഷിദ ത്വ്‌ലൈബ് മിഷിഗനില്‍ നിന്നും ഇല്‍ഹാന്‍ ഉമര്‍ മിനസോട്ടയില്‍ നിന്നുമാണ് വീണ്ടും യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Related Articles