Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ ഉപരോധം: ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഒറ്റപ്പെട്ട് യു.എസ്

തെഹ്‌റാന്‍: ഇറാനെതിരെയുള്ള ഏകപക്ഷീയ ഉപരോധം സമസ്ത മേഖലകളിലും പുന:സ്ഥാപിച്ചതായി അവകാശപ്പെട്ട അമേരിക്ക ലോകരാഷ്ട്രങ്ങളുടെ മുന്‍പില്‍ ഒറ്റപ്പെടുന്നു. യു.എന്‍ സുരക്ഷകൗണ്‍സിലില്‍ മറ്റു അംഗരാഷ്ട്രങ്ങളെല്ലാം നീക്കത്തെ എതിര്‍ത്തപ്പോള്‍ ഉപരോധവുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യു.എസ്.

ഇറാനെ ലക്ഷ്യമിട്ടുള്ള ഏകപക്ഷീയ തീരുമാനത്തിന് അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളില്‍ നിന്ന് പോലും പിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല ഇതിന് നിയമപരമായ അംഗീകാരമില്ലെന്നും രാജ്യങ്ങള്‍ അറിയിച്ചു.

യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം പാലിക്കാത്ത യു.എന്‍ അംഗരാജ്യങ്ങള്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഭീഷണിയുയര്‍ത്തിയിരുന്നു. ഇതിനായി ഞായറാഴ്ച വരെയാണ് പോംപിയോ അംഗരാജ്യങ്ങള്‍ക്ക് സമയമനുവദിച്ചിരുന്നത്.

2015ല്‍ ഇറാനും ലോകത്തെ ആറ് വന്‍രാഷ്ട്രങ്ങളും തമ്മില്‍ ഉണ്ടാക്കിയ ആണവ കരാറില്‍ നിന്നും 2018ലാണ് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറുന്നത്. ഇറാനിലേക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ആയുധ നിരോധനത്തിന്റെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കുകയാണ്. ഇറാനിലേക്ക് മറ്റു രാജ്യങ്ങള്‍ ആയുധ കയറ്റുമതിയും ആയുധ ഇടപാടുകളും നടത്തരുതെന്നും ഇറാന്റെ ആണവായുധ ഇടപാടുകളുമായും ആണവ സമ്പുഷ്ടീകരണ പദ്ധതിയുമായും സഹകരിക്കരുതെന്നും ലോകരാഷ്ട്രങ്ങള്‍ക്ക് യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇവ പാലിക്കാന്‍ മിക്ക യു.എന്‍ സുരക്ഷ കൗണ്‍സില്‍ അംഗരാഷ്ട്രങ്ങളും തയാറായിരുന്നില്ല.

Related Articles