Current Date

Search
Close this search box.
Search
Close this search box.

ജിദ്ദ വിമാനത്താവളത്തില്‍ ജനബാഹുല്യം; ഉംറ തീര്‍ത്ഥാടകര്‍ ദുരിതമുഖത്ത്

ജിദ്ദ: ചെറിയ പെരുന്നാള്‍ ദിവസം ആരംഭിച്ച ജിദ്ദ കിംങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ തിക്കും തിരക്കും മാറ്റമില്ലാതെ തുടരുന്നു. മലയാളി ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ പതിനായിരങ്ങളാണ് വിമാനത്താവളത്തിനകത്തേക്ക് കയറാനാകാതെ ഇപ്പോഴും പ്രയാസമനുഭവിക്കുന്നത്. 24 മണിക്കൂറിലധികം വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുന്ന തീര്‍ത്ഥാടകരും ഉണ്ട്.

അസാധാരണവും അപൂര്‍വവുമായ ജനബാഹുല്യമാണ് വിമാനത്താവളത്തിന് അകത്തും പുറത്തും ഒരു പോലെ അനുഭവപ്പെട്ടത്. രണ്ട് വര്‍ഷത്തെ കോവിഡ് ഇടവേളക്ക് ശേഷം പുനരാരംഭിച്ച ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ നാട്ടിലേക്ക് മടങ്ങുന്ന തീര്‍ത്ഥാടകരും പെരുന്നാള്‍ അവധി കഴിഞ്ഞ് സൗദിയിലേക്ക് തിരിച്ചെത്തുന്നവരും ഒരുമിച്ച് വിമാനത്താവളത്തില്‍ കൂട്ടമായെത്തിയതോടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അസാധാരണമാം വിധം നിയന്ത്രണം നഷ്ടപ്പെട്ടത്തിന്റെ യഥാര്‍ത്ഥ കാരണം വിമാനത്താവള അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

തീര്‍ത്ഥാടകരോടുള്ള സൗദി അധികൃതരുടെ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിയ നിരവധി യാത്രക്കാര്‍ അവരുടെ ദുരിതം വിവരിച്ചുള്ള വീഡിയോകളും ഫോട്ടോകളും ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

സ്ത്രീകളും കുട്ടികളുമടക്കം കനത്ത ചൂടില്‍ ഭക്ഷണവും വെള്ളവും ടോയ്‌ലറ്റ് സൗകര്യവും കിട്ടാതെ ബുദ്ധിമുട്ടുകയാണെന്നും തീര്‍ത്ഥാടകരോടുള്ള സൗദിയുടെ പെരുമാറ്റം ലജ്ജാവഹമാണെന്നും നിരവധി പേര്‍ ട്വീറ്റ് ചെയ്തു. യാത്രക്കാരുടെ ആധിക്യം മൂലം വിമാനത്താവളത്തിന്റെ നിയന്ത്രണം സൗദി സൈന്യം ഏറ്റെടുക്കുകയും വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ അടക്കം തടയുകയും ചെയ്തു. ബസുകളില്‍ കൂട്ടമായെത്തിയ വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകര്‍ പുറത്ത് വെയിലത്ത് ഇരിക്കുകയാണ്.

ആഗമന, പുറപ്പെടല്‍ ടെര്‍മിനലിലേക്കെല്ലാം കൂടി ഒരു ഗേറ്റ് മാത്രമാണ് സുരക്ഷ ജീവനക്കാര്‍ തുറന്നത്. അതിനാല്‍ തന്നെ അകത്തേക്ക് കടക്കാന്‍ ഉന്തും തള്ളുമായിരുന്നു. മിക്ക യാത്രക്കാരും ലഗേജെല്ലാം ഉപേക്ഷിച്ചാണ് അകത്തേക്ക് കയറിയത്. കോവിഡാനന്തരം ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചതോടെ മക്കയിലും ഹറമിലും വന്‍ ജനത്തിരക്കാണ് റമദാനിലെ അവസാനത്തെ പത്തില്‍ അനുഭവപ്പെട്ടിരുന്നത്.

https://twitter.com/i/status/1521618731083997185

https://twitter.com/i/status/1521844801460658177

Related Articles