Current Date

Search
Close this search box.
Search
Close this search box.

ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് നേരെ വെടിവെപ്പ്

ന്യൂഡല്‍ഹി: ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥിയും ആക്റ്റിവിസ്റ്റുമായി ഉമര്‍ ഖാലിദിനു നേരെ അജ്ഞാത സംഘത്തിന്റെ വെടിവെപ്പ്. ഉമര്‍ ഖാലിദ് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഡല്‍ഹി സന്‍സദ് മാര്‍ഗില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് പരിസരത്തു വെച്ചാണ് വെടിവെപ്പ് നടന്നത്. ഇന്ന് ഉച്ചയോടെ ഖാലിദും സുഹൃത്തുക്കളും സംസാരിച്ചു നില്‍ക്കവേ രണ്ടു പേര്‍ ഇവരെ സമീപിക്കുകയും അവരില്‍ ഒരാള്‍ തോക്കെടുത്ത് ഉമറിനു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് കുതറിമാറിയ ഖാലിദ് വെടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ ഡല്‍ഹി പൊലിസ് ഇവിടെ നിന്നും പിസ്റ്റള്‍ കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
രാജ്യം ഒന്നാകെ ഭയത്തിലകപ്പെട്ട സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും ആരെങ്കിലും സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ അവര്‍ ഭീഷണി നേരിടുകയാണെന്നും ഉമര്‍ ഖാലിദ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് എന്ന സംഘടന ‘കൗഫ് സേ ആസാദി’ എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉമര്‍.
പാര്‍ലമെന്റിന് സമീപം അതീവ സുരക്ഷയുള്ള മേഖലയിലാണ് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്. സ്വാതന്ത്ര്യ ദിനത്തിന്റെ രണ്ടു ദിവസം മുന്‍പ് നടന്ന ആക്രമണം പൊലിസിന്റെ സുരക്ഷാവീഴ്ചയായാണ് ചൂണ്ടിക്കാട്ടുന്നത്. തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് കാണിച്ച് ഉമര്‍ ജൂണില്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.

വെളുത്ത ഷര്‍ട്ട് ധരിച്ച ഒരാളാണ് വെടിവെച്ചതെന്നും ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ആക്രമി ഓടിരക്ഷപ്പെടുകയും ഇതിനിടെ തോക്ക് താഴെ വീഴുകയുമാണ് ചെയ്തതെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Related Articles