Current Date

Search
Close this search box.
Search
Close this search box.

യു.എ.പി.എ: ആറു വര്‍ഷത്തിനിടെ ശിക്ഷിച്ചത് 3 ശതമാനത്തെ, 94 % ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലില്‍ തന്നെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിലനില്‍ക്കുന്ന കരിനിയമമായ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമം) ചാര്‍ത്തി അറസ്റ്റ് ചെയ്തവരില്‍ ഇതുവരെയായി കുറ്റവാളിയെന്ന് തെളിയിച്ചത് കേവലം മൂന്ന് ശതമാനത്തെ മാത്രമെന്ന് റിപ്പോര്‍ട്ട്. 94 ശതമാനം തടവുകാരും ജാമ്യം ലഭിക്കാതെ ഇപ്പോഴും വിചാരണ തടവുകാരായി തടങ്കലില്‍ കഴിയുകയാണെന്നും ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ അടിസ്ഥാനമാക്കി പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബേര്‍ടീസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2015-മുതല്‍ 2020 വരെയുള്ള കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ആണിത്. ഇക്കാലയളവില്‍ ആകെ 8317 പേരെയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും ഭീകര നിയമമായ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. ഇതില്‍ ആകെ 25 പേരെയാണ് അഞ്ച് വര്‍ഷത്തിനിടെ കുറ്റം ചെയ്തു എന്ന് തെളിയിച്ച് ശിക്ഷിക്കാനായത്.

അതായത് കുറ്റവിമുക്തയാക്കിയവരുടെ നിരക്ക് 97.2 ശതമാനമാണ്. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്ന ഭൂരിഭാഗം കേസുകളിലും പ്രോസിക്യൂഷന് തെളിവുകള്‍ ഹാജരാക്കാന്‍ പറ്റാറില്ലെന്നും കേസുകള്‍ക്ക് മെറിറ്റ് ഇല്ലെന്നും വ്യാപകമായ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

യുഎപിഎയ്ക്ക് കീഴിലുള്ള ‘ഭീകരപ്രവര്‍ത്തനം’ എന്നതിന്റെ അയഞ്ഞ നിര്‍വചനം വ്യവസ്ഥയെ ‘ക്രൂരവും ജനാധിപത്യവിരുദ്ധവുമായ ഒന്നാക്കി മാറ്റിയെന്നും സര്‍ക്കാരിനെതിരായ വിയോജിപ്പും ഭരണകൂട ഭീകരതയും ഭരണകൂടം യു.എ.പി.എ ഉപയോഗിച്ച് ക്രിമിനലൈസ് ചെയ്യുകയാണെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.

ഇത്തരം രേഖകള്‍ സൂക്ഷിക്കുന്നതിനുള്ള എന്‍.സി.ആര്‍.ബിയുടെ(ക്രൈം റെക്കോര്‍ഡ് ബ്യൂറോ) രീതിശാസ്ത്രത്തെയും സംഘടന അതിന്റെ റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്തു. യു.എ.പി.എ വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ എടുക്കുന്നതിനാല്‍, മുഴുവന്‍ കണക്കും നല്‍കാന്‍ സര്‍ക്കാര്‍ ഏജന്‍സിയുടെ ഡാറ്റ പലപ്പോഴും പര്യാപ്തമല്ലെന്നും അവര്‍ പറഞ്ഞു.

‘ദ ഹിന്ദു’വിന്റെ റിപ്പോര്‍ട്ട് പ്രകാരം, യുഎപിഎ പ്രകാരം 2018 നും 2020 നും ഇടയില്‍ 4,690 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ശിക്ഷിക്കപ്പെട്ടത് 3% മാത്രമാണെന്നും പറഞ്ഞിരുന്നു. 2018 നും 2020 നും ഇടയില്‍ ഉത്തര്‍പ്രദേശില്‍ യുഎപിഎ പ്രകാരം ശിക്ഷിക്കപ്പെട്ട 1,338 പേരില്‍ 6% പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്, മറ്റ് 94% പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

Related Articles