Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയുമായി തുറന്ന നയതന്ത്രബന്ധത്തിനൊരുങ്ങി യു.എ.ഇ

അബൂദബി: തുര്‍ക്കിയുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് യു.എ.ഇ അറിയിച്ചു. യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ആണ് ഞായറാഴ്ച ഇക്കാര്യമറിയിച്ചത്. പരസ്പരം പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ടുള്ള നയതന്ത്ര ബന്ധത്തിനാണ് യു.എ.ഇയും തുര്‍ക്കിയും ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുസ്ലിം ബ്രദര്‍ഹുഡിന് പിന്തുണ നല്‍കുന്നതില്‍ നിന്നും പിന്മാറാന്‍ നയതന്ത്രജ്ഞന്‍ തുര്‍ക്കിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

‘തുര്‍ക്കിയുമായി ഞങ്ങള്‍ക്ക് അതിര്‍ത്തി പ്രശ്‌നങ്ങളോ അതുപോലുള്ള മറ്റ് പ്രശ്‌നങ്ങളോ ഒന്നും തന്നെയില്ല. തുര്‍ക്കി മുസ്ലിം ബ്രദര്‍ഹുഡിനുള്ള പിന്തുണ നല്‍കുന്നത് ഒഴിവാക്കിയാല്‍ ഞങ്ങള്‍ക്ക് അവരുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ കഴിയും’- സ്‌കൈ ന്യൂസ് അറേബ്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഗര്‍ഗാഷ് പറഞ്ഞു. അതേസമയം, ലിബിയ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ആഭ്യന്തര യുദ്ധങ്ങളില്‍ ഇരു വിഭാഗത്തിനുമുള്ള വിയോജിപ്പുകളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചില്ല. ഈ രാജ്യങ്ങളില്‍ ഇരുവിഭാഗവും രണ്ട് മുന്നണികളിലാണുള്ളത്.

നിലവില്‍ തുര്‍ക്കിയും യു.എ.ഇയും തമ്മില്‍ നയതന്ത്ര ബന്ധം നിലനില്‍ക്കുന്നില്ല. മുസ്ലിം ബ്രദര്‍ഹുഡിന് സാമ്പത്തിക പിന്തുണ നല്‍കുന്ന പ്രധാന ശക്തി എന്ന നിലയിലാണ് ഇരു വിഭാഗവും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നത്.

Related Articles