Current Date

Search
Close this search box.
Search
Close this search box.

ഖത്തറിന്റെ വിജയം റിപ്പോര്‍ട്ട് ചെയ്യാന്‍ മടി കാണിച്ച് ഉപരോധ രാജ്യങ്ങള്‍

അബൂദാബി: ഏഷ്യന്‍ കപ്പ് കിരീടം ചരിത്രത്തിലാദ്യമായി ഖത്തര്‍ നേടിയപ്പോള്‍ ഏഷ്യയിലെയും ലോകമാധ്യമങ്ങളിലെയും കായിക രംഗത്തെ പ്രധാനവാര്‍ത്തകളില്‍ ഒന്നായിരുന്നു അത്. എന്നാല്‍ ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ യു.എ.ഇ,സൗദി എന്നിവരുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തങ്ങളുടെ ശത്രു രാജ്യം കിരീടമണിഞ്ഞത് റിപ്പോര്‍ട്ട് ചെയ്യാനും മടി കാണിച്ചു. ഖത്തര്‍ കിരീടമണിഞ്ഞ വാര്‍ത്തയോടും ഉപരോധം കാണിക്കുകയായിരുന്നു ഈ രാജ്യങ്ങള്‍.

ജപ്പാന്‍ രണ്ടാം സ്ഥാനത്തായതും ജപ്പാന് കപ്പ് നഷ്ടപ്പെട്ടതും ജപ്പാന്‍ ടീമിന്റെ ചിത്രങ്ങള്‍ അച്ചടിച്ചുമൊക്കെയാണ് ഈ രാജ്യങ്ങളിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ മനസ്സില്ലാ മനസ്സോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്തകള്‍ നല്‍കുന്ന കാര്യത്തിലും വിവേചനം കാണിക്കുകയാണ് ഇതിലൂടെ മാധ്യമ സ്ഥാപനങ്ങള്‍ ചെയ്തത്.

സൗദിയുടെയും യു.എ.ഇയിലെയും ഔദ്യോഗിക ഓണ്‍ലൈന്‍-പത്ര മാധ്യമങ്ങളൊന്നും തലക്കെട്ടില്‍ ഖത്തറിന്റെ പേര് നല്‍കിയില്ല. ഖത്തറിന്റെ വിജയം മന:പൂര്‍വം ഒഴിവാക്കി ജപ്പാന്റെ രണ്ടാം സ്ഥാനം എടുത്തുകാണിക്കുകയാണ് ചെയ്തത്.

ഇരു രാജ്യങ്ങളുടെയും പക്ഷപാതിത്വത്തിനും മാധ്യമ അധാര്‍മികതക്കുമെതിരെ വ്യാപക വിമര്‍ശനമാണുയരുന്നത്. ഇത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ രൂക്ഷമായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഫുട്‌ബോള്‍ പ്രേമികള്‍ പോസ്റ്റ് ചെയ്തത്. ചില മാധ്യമങ്ങള്‍ ഏഷ്യന്‍ കപ്പ് വാര്‍ത്ത തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യു.എ.ഇയെ 4-0ത്തിന് ഖത്തര്‍ പരാജയപ്പെടുത്തിയ വാര്‍ത്തയും ചില യു.എ.ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിന് ഖത്തര്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Related Articles