Current Date

Search
Close this search box.
Search
Close this search box.

നിലവിലുള്ള നിയമങ്ങളില്‍ ഇളവ് വരുത്തി യു.എ.ഇ

അബൂദബി: യു.എ.ഇയില്‍ നിലവിലുള്ള ഇസ്‌ലാമിക നിയമങ്ങളില്‍ വ്യാപക ഇളവുകള്‍ വരുത്തുന്നതായി റിപ്പോര്‍ട്ട്. അല്‍ജസീറയാണ് ശനിയാഴ്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അവിവാഹിതരായ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം, മദ്യപാന നിയന്ത്രണത്തില്‍ ഇളവുകള്‍, കൊലപാതക നിയമങ്ങളിലെ ഇളവുകള്‍ തുടങ്ങിയ പ്രധാന മാറ്റങ്ങളാണ് ശനിയാഴ്ച യു.എ.ഇ അധികൃതര്‍ പ്രഖ്യാപിച്ചതെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ നിയമനിര്‍മ്മാണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതല്‍ പരിഗണന നല്‍കിയുമാണ് പുതിയ നിയമപരിഷ്‌കാരങ്ങള്‍ എന്നാണ് യു.എ.ഇ ഭരണകൂടം പറയുന്നത്. രാജ്യത്തെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും സഹിഷ്ണുത തത്വങ്ങള്‍ ഏകീകരിക്കാനുമാണ് പരിഷ്‌കരണമെന്നും അധികൃതര്‍ അറിയിച്ചു.

സമൂഹത്തില്‍ അതിവേഗം വരുന്ന മാറ്റങ്ങള്‍ക്കൊത്ത് നിലനില്‍ക്കാന്‍ വേണ്ടിയാണ് യു.എ.ഇ ഭരണാധികാരികള്‍ പുതിയ നിയമപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നും വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഇത്തരം നിയമങ്ങളില്‍ ഇളവ് വരുത്തുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വ്യക്തി സ്വാതന്ത്ര്യം കൂടുതല്‍ അനുവദിച്ച് ശക്തമായ ടൂറിസം അടിത്തറയൊരുക്കുക എന്നാണ് യു.എ.ഇയില്‍ പുതുതായി വരുന്ന നിയമനിര്‍മാണങ്ങളില്‍ നിന്നും മനസ്സിലാകുക. ഗള്‍ഫ് രാജ്യങ്ങളില്‍ ടൂറിസ്റ്റ് വിസയിലും മറ്റുമായി യൂറോപ്യന്‍മാര്‍ അടക്കം ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്ന രാജ്യമാണ് യു.എ.ഇ. കര്‍ശനമായ ഇസ്‌ലാമിക നിയമങ്ങള്‍ രാജ്യത്തെ വ്യാവസായിക വളര്‍ച്ചക്കും ടൂറിസം രംഗത്തിനും തിരിച്ചടിയായെന്ന കണക്കുകൂട്ടലില്‍ നിന്നാണ് പുതിയ തീരുമാനം. പുതിയ നിയനിര്‍മാണത്തിലൂടെ കൂടുതല്‍ പാശ്ചാത്യരെ വ്യവസായത്തിനും ടൂറിസത്തിനും യു.എ.ഇയിലേക്കെത്തിക്കു എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ യു.എസ് പ്രസിഡന്റ് പ്രഖ്യാപിച്ച ഇസ്രായേല്‍-യു.എ.ഇ കരാറിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. അതേസമയം, പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ച് യു.എ.ഇ ഭരണകൂടം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

Related Articles