Current Date

Search
Close this search box.
Search
Close this search box.

ഗാന്ധി വധം പുനരാവിഷ്‌കരിച്ച ഹിന്ദുമഹാസഭ നേതാക്കള്‍ അറസ്റ്റില്‍

അലീഗഢ്: മഹാത്മാ ഗാന്ധിയുടെ 71ാം രക്തസാക്ഷിത്വ ദിനത്തില്‍ രാഷ്ട്രപിതാവിന്റെ രൂപത്തില്‍ തോക്കുപയോഗിച്ച് നിറയൊഴിച്ച സംഭവത്തില്‍ രണ്ട് ഹിന്ദു മഹാസഭ നേതാക്കള്‍ അറസ്റ്റില്‍. മനോജ് സൈനി, അഭിഷേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് അലീഗഢിലെ നൗറംഗാബാദില്‍ ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ഷാകൂര്‍ പാണ്ഡെയുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ചിത്രത്തിന്റെ രൂപത്തിലുണ്ടാക്കിയ കോലത്തിനു നേരെ പ്രതീകാത്മക വെടിവെപ്പ് നടത്തി ഗാന്ധി വധം പുനരാവിഷ്‌കരിച്ചത്. സംഭവത്തിന്റെ ഫോട്ടോയും വീഡിയോയും പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. തുടര്‍ന്ന് പൂജയടക്കം 13 പേര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പൂജയടക്കമുള്ള മറ്റു പ്രധാന പ്രതികളെയൊന്നും അറസ്റ്റു ചെയ്തിട്ടില്ല. ഏഴു പേര്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പൂജ ഷാകൂന്‍ അടക്കമുള്ളവര്‍ ബി.ജെ.പി നേതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍,കേന്ദ്ര മന്ത്രിയായ ഉമാ ഭാരതി എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. 2017 മാര്‍ച്ച് 19ന് പൂജ തന്നെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ട ചിത്രങ്ങള്‍ ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.

ഗാന്ധിയുടെ കോലം കത്തിക്കുകയും നാഥുറാം ഗോഡ്‌സെയ്ക്ക് ഹാരാര്‍പ്പണം നടത്തുകയും ചെയ്തിരുന്നു. ഐ.പി.സി 153 എ, 295 എ, 147 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഗാന്ധിവധം പുനഃസംഘടിപ്പിച്ചതിനെ ന്യായീകരിച്ചും പിന്തുണച്ചും സംഘ്പരിവാര്‍ രംഗത്തെത്തിയിരുന്നു. ഗാന്ധിയുടെ ചരമവാര്‍ഷികമായ ജനുവരി 30 ‘ശൗര്യ ദിനം’ എന്ന പേരില്‍ ഹിന്ദുമഹാസഭ എല്ലാ വര്‍ഷവും ആഘോഷിക്കാറുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാനോ നിയമനടപടി സ്വീകരിക്കാനോ ആരും തയാറാകില്ലെന്ന ഉറപ്പാണ് ഇവര്‍ക്ക് കൂടുതല്‍ ധൈര്യം പകരുന്നതും.

 

Related Articles