Current Date

Search
Close this search box.
Search
Close this search box.

സൈന്യത്തെ നേരിടുന്ന യുക്രൈന്‍ പെണ്‍കുട്ടി; പ്രചരിക്കുന്നത് ഫലസ്തീനിയുടെ ചിത്രം

കീവ്: റഷ്യന്‍ സൈന്യത്തെ സധൈര്യം ഒറ്റയ്ക്ക് നേരിടുന്ന യുക്രൈനിയന്‍ പെണ്‍കുട്ടി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഇസ്രായേല്‍ സൈന്യത്തെ നേരിട്ട ഫലസ്തീന്‍ ബാലികയുടെ ചിത്രം. കഴിഞ്ഞ ദിവസം ‘ദി ഡെയ്‌ലി ന്യൂസ് അള്‍ജീരിയ’ അടക്കമുള്ള ട്വിറ്റര്‍ ഹാന്റിലുകളാണ് എട്ടു വയസ്സുകാരിയായ യുക്രൈനിയന്‍ പെണ്‍കുട്ടി എന്ന പേരിലുള്ള വ്യാജ ചിത്രം പോസ്റ്റ് ചെയ്തത്.

‘എട്ട് വയസ്സുള്ള യുക്രൈനിയന്‍ പെണ്‍കുട്ടി, ഒരു റഷ്യന്‍ അധിനിവേശ സൈനികനോട് അവന്റെ രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ പറയുന്നു’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട്. യുക്രൈനില്‍ നിന്നുള്ളതാണെന്ന തെറ്റായ വിവരങ്ങളോടെയാണ് പലരും ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

എന്നാല്‍, 2012ല്‍ ഇസ്രായേല്‍ അധിനിവേശ സൈന്യത്തെ ചങ്കൂറ്റത്തോടെ നേരിട്ട അഹദ് തമീമിയെന്ന പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ ഇത്. 2017ല്‍ ഇസ്രായേല്‍ സൈന്യത്തോട് കലഹിച്ചതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത തമീമി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇന്ന് ഫലസ്തീനിലെ തന്നെ അറിയപ്പെട്ട ഇസ്രായേല്‍ വിരുദ്ധ ആക്റ്റിവിസ്റ്റ് കൂടിയാണിവര്‍.

തോക്കും സര്‍വായുധങ്ങളുമേന്തി സൈനിക വാഹനത്തിനു സമീപം നില്‍ക്കുന്ന ഇസ്രായേല്‍ സൈനികനോട് ക്ഷോഭിക്കുകയും കയര്‍ക്കുകയും ചെയ്യുന്ന തമീമിയുടെ വീഡിയോയും ചിത്രവും അന്ന് വൈറലാവുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്കിലും, തമീമിയും സൈനികനും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ ഒരു ക്ലിപ്പ് ഉക്രെയ്നിനായി പ്രാര്‍ത്ഥിക്കാന്‍ കാഴ്ചക്കാരോട് ആവശ്യപ്പെട്ടുകൊണ്ട് പ്രചരിക്കുന്നുണ്ട്. ഇവയുടെ എല്ലാം താഴെ ഇത് തെറ്റായ ചിത്രവും വീഡിയോയുമാണെന്ന കമന്റുകളും വരുന്നുണ്ട്. ഇതുവരെ, ക്ലിപ്പ് 12 ദശലക്ഷത്തിലധികം പേര്‍ കാണുകയും 800,000 ലൈക്കുകള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles