Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനില്‍ പതിച്ചത് 23 റോക്കറ്റുകള്‍; 8 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബുളില്‍ റോക്കറ്റാക്രമണത്തില്‍ എട്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 23 റോക്കറ്റുകളാണ് ശനിയാഴ്ച രാവിലെ 23ഓളം റോക്കറ്റുകളാണ് കാബൂളിന് സമീപത്തെ സിവിലിയന്മാരുടെ താമസസ്ഥലത്ത് പതിച്ചത്. വിവിധ എംബസികളും നയതന്ത്ര ഓഫിസുകളും സ്ഥിതി ചെയ്യുന്ന കാബൂളിലെ ഗ്രീന്‍ സോണിലാണ് റോക്കറ്റ് പതിച്ചത്.

ചെറിയ ട്രക്കില്‍ ഘടിപ്പിച്ചാണ് മിസൈലുകള്‍ തീവ്രവാദികള്‍ തൊടുത്തുവിട്ടതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായും എങ്ങിനെയാണ് ഈ ട്രക്ക് നഗരത്തിലേക്ക് പ്രവേശിച്ചതെന്ന് പരിശോധിക്കുമെന്നും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് അരിയന്‍ പറഞ്ഞു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും എന്നാല്‍ ഇത് വര്‍ധിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ തങ്ങളുടെ പങ്ക് നിഷേധിച്ചിട്ടുണ്ട്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, താലിബാന്‍, അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കാനിരിക്കുന്നതിനിടെയാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്. താലിബാനും അഫ്ഗാന്‍ സര്‍ക്കാര്‍ വക്താക്കളും തമ്മില്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ സെപ്റ്റംബറില്‍ ദോഹയില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും മന്ദഗതിയിലായിരുന്നു മുന്നോട്ടുപോയിരുന്നത്.

Related Articles