Current Date

Search
Close this search box.
Search
Close this search box.

52 മണിക്കൂര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുരുന്നുകളെ സാഹസികമായി രക്ഷപ്പെടുത്തി

അങ്കാറ: തുര്‍ക്കിയെയും സിറിയയെയും വിറപ്പിച്ച ഭൂചലനത്തിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചില്ല. തുടര്‍ച്ചയായ മൂന്നാം ദിനവും അക്ഷീണമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 50 മണിക്കൂര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന കുട്ടികള്‍ അത്ഭുകരമായി രക്ഷപ്പെട്ട് പുറത്തെത്തുന്ന വാര്‍ത്തകളാണ് മൂന്നാം ദിനം പുറത്തുവരുന്നത്. അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ ദുരന്തമേഖലകളില്‍ നടത്തുന്ന തിരച്ചിലിനിടെ കൊച്ചു കുട്ടികളെ സാഹസികമായാണ് രക്ഷപ്പെടുത്തുന്നത്. നിറകണ്ണുകളോടെ ആനന്ദാശ്രു പൊഴിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് തിരികെയെത്തുന്ന അവരുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തെക്കന്‍ തുര്‍ക്കി പട്ടണമായ ഹതായില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഒരു കുഞ്ഞു സിറിയന്‍ അഭയാര്‍ത്ഥിയെ രക്ഷപ്പെടുത്തുന്ന വീഡിയോയും അല്‍ജസീറ പുറത്തുവിട്ടിട്ടുണ്ട്. ഏകദേശം 45 മണിക്കൂറിന് ശേഷം കുട്ടിയെ പുറത്തെടുക്കുന്നതിന് മുമ്പ് ഒരു കുപ്പിയുടെ മൂടിയില്‍ അല്‍പാല്‍പമായി വെള്ളം നല്‍കുന്നതും കുട്ടി പുഞ്ചിരിക്കുന്നതും വീഡിയോവിലുണ്ട്.

നീണ്ട 52 മണിക്കൂറിന് ശേഷം യിജിത് കാക്മാക് എന്ന എട്ടുവയസ്സുകാരനായ തുര്‍ക്കി ബാലനെ ഹതായ് പ്രവിശ്യയില്‍ നിന്നും രക്ഷപ്പെടുത്തിയതാണ് ദുരന്ത ഭൂമിയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. രാജ്യത്ത് ഭൂകമ്പം ഏറ്റവും തീവ്രമായ ബാധിച്ച പ്രദേശങ്ങളില്‍ ഒന്നാണിത്.

തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം യിഗിത് കാക്മാക് സന്നദ്ധ സേനാംഗത്തിന്റെ കൈകളില്‍ ഇരുന്ന് പുഞ്ചിരിക്കുകയും കൈവീശി കാണിക്കുന്നതിന്റെയും ചിത്രങ്ങള്‍ വൈറലായിട്ടുണ്ട് പിന്നീട് അവന്‍ സുരക്ഷിതമായി അമ്മയുടെ കൈകളിലെത്തുമ്പോള്‍ അമ്മ സന്തോഷക്കണ്ണീര്‍ പൊഴിക്കുന്നതും കാണാം.

സമാനമായ വാര്‍ത്തയാണ് വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ നിന്നും ബുധനാഴ്ച പുറത്തുവന്നത്. ഇദ്ലിബിന്റെ ഗ്രാമപ്രദേശത്തുള്ള സാല്‍കിന്‍ നഗരത്തിലെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ പിഞ്ചുബാലനെ 40 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തുകയായിരുന്നു. സിറിയയിലെ വിമത നിയന്ത്രണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വൈറ്റ് ഹെല്‍മെറ്റ്‌സ് എന്ന സന്നദ്ധ സംഘടന തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ കുഞ്ഞനിയന്റെ തലയില്‍ മണ്ണ് വീഴാതിരിക്കാന്‍ തലയില്‍ കൈവെച്ച് നീണ്ട 17 മണിക്കൂര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന സഹോദരന്റെയും സഹോദരിയുടെയും ചിത്രങ്ങളും വൈറലായിരുന്നു. രക്ഷാപ്രവര്‍ത്തകരെത്തുമ്പോള്‍ നിറപുഞ്ചിരിയോടെ അസാമാന്യ ധൈര്യവതിയായിട്ടാണ് ഇരുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച സിറിയന്‍ പട്ടണത്തില്‍ നിന്ന് ഒരു നവജാത ശിശുവിനെയും പുറത്തെടുത്തിരുന്നു.

???? കൂടുതല്‍ വായനക്ക്‌: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles