Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി: നഗ്നമായ സത്യം തുര്‍ക്കി വെളിപ്പെടുത്തും: ഉര്‍ദുഗാന്‍

അങ്കാറ: ഇസ്താംബൂളിലെ സൗദി എംബസിയില്‍ കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നഗ്നമായ സത്യങ്ങള്‍ തങ്ങള്‍ വെളിപ്പെടുത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പുറത്തിറക്കുന്ന പ്രസ്താവനയില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞത്. ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ വെളിപ്പെടുത്തലുകളും നടത്തുമെന്ന് ഞായറാഴ്ച ഇസ്താംബൂളില്‍ നടന്ന പ്രഭാഷണത്തിലാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടി യോഗത്തിലാകും അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുക. അല്‍ ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നമ്മള്‍ ഇവിടെ നീതി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. സാധാരണ നടപടികളിലൂടെയല്ല, മറിച്ച് നഗ്നമായ സത്യങ്ങളാകും വെളിപ്പെടുത്തുക. എന്തിനാണ് 15 പേര്‍ വന്നത്. പിന്നെ എന്തുകൊണ്ടാണ് 18 പേരെ അറസ്റ്റു ചെയ്തത്. ഇവയെക്കുറിച്ച് വിശദമായി വ്യക്തമാക്കേണ്ടതുണ്ട്. ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഖഷോഗിയുടെ മരണത്തില്‍ സൗദി അനുശോചനം രേഖപ്പെടുത്തി. ഖഷോഗിയുടെ കുടുംബത്തിന്റെ ദു:ഖവും വേദനയും മനസ്സിലാകുമെന്ന് സൗദി രാജാവ് സല്‍മാനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പറഞ്ഞു. ഖഷോഗിയുടെ മകന്‍ സലാഹിനെ ഫോണില്‍ വിളിച്ചാണ് ഇരുവരും അനുശോചനം രേഖപ്പെടുത്തിയത്.

ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗിയെ ഇസ്താംബൂളിലെ സൗദി എംബസിയില്‍ വെച്ച് കാണാതാകുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ 19ന് രാത്രി വൈകിയാണ് ഖഷോഗി കൊല്ലപ്പെട്ടെന്ന് സൗദി ഔദ്യോഗികമായി അറിയിച്ചത്. എംബസിയില്‍ വെച്ച് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടുവെന്നു മാത്രമാണ് ഇതു സംബന്ധിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഖഷോഗിയുടെ മൃതശരീരം എവിടെയാണെന്നോ എങ്ങനെയാണ് മരണപ്പെട്ടതെന്നോ ഇനിയും പുറത്തു വിട്ടിട്ടില്ല.

അതേസമയം, ജമാല്‍ ഖഷോഗിയെ വധിച്ചത് ശ്വാസംമുട്ടിച്ചാണെന്ന് സൗദി അറേബ്യയെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൃതദേഹം കാര്‍പ്പറ്റില്‍ പൊതിഞ്ഞ ശേഷം നശിപ്പിക്കാനായി പുറത്തൊരാളെ ഏല്‍പ്പിച്ചെന്നും മൃതദേഹം 90 കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ കൊണ്ടുപോയി നശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം വിവിധ ഭാഗങ്ങളാക്കി മുറിച്ചു മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, മൃതദേഹം സൗദിയിലെ സംഘം സൗദിയിലേക്ക് കൊണ്ടുപോയെന്ന തരത്തിലും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് സൗദി സ്ഥിരീകരിച്ചിട്ടില്ല.

Related Articles