Current Date

Search
Close this search box.
Search
Close this search box.

ലിബിയ: ജി.എന്‍.എക്കുള്ള പിന്തുണ തുടരുമെന്ന് ഉര്‍ദുഗാന്‍

അങ്കാറ: ലിബിയയില്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള ട്രിപ്പോളി ആസ്ഥാനമായുള്ള Government of National Accord (GNA)നുള്ള പിന്തുണ തുടരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ലിബിയന്‍ പ്രധാനമന്ത്രി ഫായിസ് അല്‍ സറാജ് അടുത്ത മാസത്തോടെ പദവി ഒഴിയുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സറാജ് രാജിവെച്ചാലും ജി.എന്‍.എക്കുള്ള പിന്തുണ തുടരുമെന്നാണ് ഉര്‍ദുഗാന്റെ വക്താവ് ഇബ്രാഹിം ഖലീന്‍ പറഞ്ഞത്. ജി.എന്‍.എയുമായി തുര്‍ക്കി കഴിഞ്ഞ വര്‍ഷം വിവിധ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇവ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ മേഖലയിലും സമുദ്ര അതിര്‍ത്തി നിര്‍ണയ കരാറിലുമാണ് ഇരു രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ചിരുന്നത്.

ഈ കരാറുകളെല്ലാം രാജ്യങ്ങള്‍ തമ്മിലാണ്. വ്യക്തികള്‍ തമ്മിലല്ല, രാഷ്ട്രീയ പ്രതിസന്ധിയെ ഈ കരാര്‍ ഒന്നും ബാധിക്കില്ലെന്നും കാരണം ഇത് സര്‍ക്കാരുകള്‍ തമ്മില്‍ എടുത്ത തീരുമാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ലിബിയയില്‍ വര്‍ഷങ്ങളായി ഇരു വിഭാഗങ്ങളായ ജി.എന്‍.എയും ലിബിയന്‍ നാഷണല്‍ അക്കോര്‍ഡും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. മുന്‍ സൈനിക കമാന്‍ഡര്‍ ഖലീഫ ഹഫ്തറാണ് എല്‍.എന്‍.എക്ക് നേതൃത്വം നല്‍കുന്നത്. തലസ്ഥാനമായ ട്രിപ്പോളി കൈയേറാനുള്ള നീക്കത്തിലാണ് ഹഫ്തര്‍ സൈന്യം.

Related Articles