Current Date

Search
Close this search box.
Search
Close this search box.

കരിങ്കടലില്‍ കൂടുതല്‍ പ്രകൃതിവാതക സാന്നിധ്യം കണ്ടെത്തിയതായി തുര്‍ക്കി

അങ്കാറ: കരിങ്കടലില്‍ പുതിയ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തിയതായി തുര്‍ക്കി അറിയിച്ചു. 2023ഓടെ ഇതിന്റെ ഉത്പാദന പ്രക്രിയകള്‍ ആരംഭിക്കുമെന്നും കഴിഞ്ഞ ദിവസം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. 135 ബില്യണ്‍ ക്യുബിക് മീറ്റര്‍ ഗ്യാസ് ആണ് കണ്ടെത്തിയതെന്ന് രാജ്യത്തെ ഊര്‍ജ കമ്പനിയായ പാഓ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ പ്രകൃതി വാതക നിക്ഷേപമടക്കം ആകെ 540 ബില്യണ്‍ ക്യുബിക് മീറ്ററിലെത്തിയെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. വീണ്ടെടുക്കാവുന്ന പ്രകൃതി വാതകത്തിന്റെ സ്വതന്ത്ര ഓഡിറ്റ് ലഭ്യമായിട്ടില്ല. ഏകദേശ കണക്കാണ് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ സ്വന്തമായി വികസിപ്പിക്കാനാണ് പാഓ പദ്ധതിയിടുന്നതെന്നും അതിനായി വിദേശ ധനസഹായം ആവശ്യമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷങ്ങളായി തുര്‍ക്കി തീരങ്ങളില്‍ നിന്ന് എണ്ണ, വാതകം എന്നിവയ്ക്കായി പര്യവേക്ഷണം നടത്തുന്നുണ്ട്. തുര്‍ക്കിയുടെ ദീര്‍ഘകാല സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ഉര്‍ദുഗാന്‍ ഇത്തരത്തിലുള്ള പര്യവേക്ഷണത്തിന് തുടക്കമിട്ടത്.

പുതിയ കണ്ടെത്തല്‍ തുര്‍ക്കിക്ക് ഗ്യാസ് ഇറക്കുമതി ചെയ്യുന്നത് കുറക്കാനും ശരാശരി വാര്‍ഷിക ഊര്‍ജ ചിലവുകള്‍ കുറക്കാനും സാധിക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Related Articles