Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ യൂണിയന്റെ ഹിജാബ് നിരോധിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് തുര്‍ക്കി

അങ്കാറ: ഹിജാബ് നിരോധിക്കാന്‍ അനുമതി നല്‍കിയുള്ള യൂറോപ്യന്‍ യൂണിയന്റെ ഉന്നത കോടതിയുടെ വിധിയെ അപലപിച്ച് തുര്‍ക്കി രംഗത്ത്. ചില നിബന്ധനകളോടെ ജോലിസ്ഥലത്ത് ഹിജാബ് നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് കഴിഞ്ഞയാഴ്ചയാണ് ഇ.യു ഉന്നത കോടതി അനുമതി നല്‍കിയത്.

കോടതി വിധി മതസ്വാതന്ത്ര്യങ്ങള്‍ക്കു നേരെയുള്ള വ്യക്തമായ ലംഘനമാണെന്നും ഈ നീക്കം യൂറോപ്പിലെ മുസ്ലീം സ്ത്രീകള്‍ക്കെതിരായ മുന്‍വിധികള്‍ വര്‍ദ്ധിപ്പിക്കുമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഈ വിധി ഇസ്ലാമോഫോബിയയുടെ അടയാളമാണ്. യൂറോപ്പിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് അവരുടെ മതവിശ്വാസങ്ങള്‍ക്ക് നേരെയുള്ള വിവേചനം വര്‍ദ്ധിക്കുന്ന ഒരു കാലഘട്ടത്തിലാണ് പുതിയ വിധി വരുന്നതെന്നും പ്രസ്താനയില്‍ കൂട്ടിച്ചേര്‍ത്തു.

യൂറോപ്പിനെ പിടികൂടിയ ഇസ്ലാമോഫോബിയ, വര്‍ഗ്ഗീയത, വിദ്വേഷം എന്നിവ ഉയര്‍ന്നുവരുന്ന ഒരു സമയത്ത്, മതസ്വാതന്ത്ര്യത്തെ അവഗണിക്കുകയും വിവേചനത്തിന് അടിസ്ഥാനവും നിയമപരമായ പരിരക്ഷയും സൃഷ്ടിക്കുകയും ചെയ്യുകയാണ് ഈ വിധിയിലൂടെയെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ലക്‌സംബര്‍ഗ് ആസ്ഥാനമായുള്ള ഇ.യു കോര്‍ട്ട് ഓഫ് ജസ്റ്റിസ് ആണ് കഴിഞ്ഞ വ്യാഴാഴ്ച കമ്പനികള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ ശിരോവസ്ത്രം ധരിക്കുന്നത് തടയാനും ചില നിബന്ധനകള്‍ പാലിക്കാനും വേണമെങ്കില്‍ തീരുമാനമെടുക്കാമെന്ന് അറിയിച്ചത്.

Related Articles