Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ ബോംബിടാന്‍ ട്രംപ് ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു: റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഇറാഖില്‍ ബോംബ് വര്‍ഷിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ മുന്‍ സഹായിയായിരുന്ന ഡൊമിനിക് കമ്മിംഗ്‌സ് ആണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ബ്രിട്ടന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനും ട്രംപ് ശ്രമിച്ചുവെന്നും ഡൊമിനിക് കമ്മിംഗ്‌സ് പറഞ്ഞു.

യു.കെയില്‍ വര്‍ധിച്ചുവരുന്ന കോവിഡ് ഭീഷണി എങ്ങിനെ നേരിടാമെന്നത് സംബന്ധിച്ച് 2020 മാര്‍ച്ച് 12ന് യു.കെ ഒരു യോഗം സംഘടിപ്പിച്ച വേളയിലാണ് പശ്ചിമേഷ്യയില്‍ നടക്കുന്ന ബോംബിങ് ക്യാംപയിനില്‍ പങ്കാളിയാവാന്‍ ട്രംപ് ക്ഷണിക്കുന്നത്- അദ്ദേഹം പറഞ്ഞു.
2020 ജനുവരിയില്‍ ഇറാന്‍ സൈനിക കമാന്‍ഡര്‍ കാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ അഭ്യര്‍ത്ഥന.

ട്രംപിന്റെ അഭ്യര്‍ത്ഥന കൈകാര്യം ചെയ്യുന്നതിനായി ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്ന് മുഴുവന്‍ യോഗം കൂടാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ കോവിഡിനെതിരെ ചെയ്യേണ്ട നടപടികളെല്ലാം പൂര്‍ണ്ണമായും തടസ്സപ്പെട്ടു, കാരണം ഞങ്ങള്‍ക്ക് ഈ സമയത്ത് രണ്ട് സമാന്തര മീറ്റിംഗുകള്‍ ഉണ്ടായിരുന്നു.

ബ്രിട്ടീഷ് പാര്‍ലമെന്ററി യോഗത്തില്‍ സംസാരിക്കവെയാണ് കമ്മിംഗ്‌സ് ഇത്തരം വെളിപ്പെടുത്തല്‍ നടത്തിയത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്റെ പിന്മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ രാഷ്ട്രീയ തന്ത്രജ്ഞന്‍ കൂടിയായിരുന്നു കമ്മിംഗ്‌സ്.

Related Articles