Current Date

Search
Close this search box.
Search
Close this search box.

ഒളിംപിക്‌സ്: സ്വര്‍ണം പങ്കിട്ടെടുക്കാനുള്ള തീരുമാനത്തിന് അഭിനന്ദന പ്രവാഹം

ടോക്യോ: ഒളിംപിക്സിന്റെ എക്കാലത്തെയും ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ടോക്കിയോയിലെ ഹൈജംപ് ഫൈനല്‍ വേദി സാക്ഷ്യം വഹിച്ചത്. ഒളിംപിക്സിലെ തന്നെ ഗ്ലാമര്‍ ഇനമായ ഹൈജംപിന്റെ ഫൈനലിലേക്ക് തങ്ങളുടെ മിന്നും താരം മുഅ്തസ് ബര്‍ശിം പ്രവേശിച്ചതിന്റെ ആവേശതിമിര്‍പ്പിലായിരുന്നു അറബ് ലോകവും ഖത്തറും. മെഡല്‍ പ്രതീക്ഷയോടെ മത്സരം പുരോഗമിക്കുകയായിരുന്നു.

ഇറ്റലിയുടെ എക്കാലത്തെയും സൂപ്പര്‍ താരം ജിയാന്‍ മാര്‍കോ ടംബേരിയാണ് എതിരാളി. ഇരുവരും 2.37 മീറ്റര്‍ ഉയരം ചാടി ഒപ്പത്തിനൊപ്പം. ഇതോടെ മത്സരം വീണ്ടും കനത്തു. വിജയിയെ തീരുമാനിക്കുന്നതിന് അടുത്തതായി 2.39 മീറ്റര്‍ ഉയരം ചാടിക്കടക്കണം. എന്നാല്‍ ഇരുവര്‍ക്കും ഇതിന് സാധിച്ചില്ല. ഈ സമയം റഫറിയോട് ബര്‍ശിം ചോദിച്ചു എന്നാല്‍ ഈ സ്വര്‍ണം ഞങ്ങള്‍ക്ക് ഇരുവര്‍ക്കുമായി പങ്കിട്ടെടുക്കാന്‍ സാധിക്കുമോ, റഫറി അതെ എന്ന് പറഞ്ഞു, എന്നാല്‍ അങ്ങിനെ ചെയ്യാം എന്ന് പുഞ്ചിരിച്ചുകൊണ്ട് ബര്‍ശിമും ടംബോരിയും പറഞ്ഞത് ലോകചരിത്രത്തില്‍ തന്നെ ഇടംപിടിച്ച തീരുമാനമായിരുന്നു. ഒളിംപ്കിസില്‍ നിലനില്‍ക്കുന്ന ഒരു നിയമമായിരുന്നു അത്.

തുടര്‍ന്ന് ഇരു താരങ്ങളും മതിമറന്നാഘോഷിക്കുന്ന കാഴ്ചയാണ് പിന്നെ ലോകം കണ്ടത്. ഇരുവരും കോവിഡ് പ്രോട്ടോകോളെല്ലാം മറന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു. കണ്ടുനിന്നവരെല്ലാം ആനന്ദകണ്ണീര്‍ പൊഴിച്ചു. ഇരുവരും തങ്ങളുടെ രാജ്യത്തിന്റെ പതാകയുമേന്തി മൈതാനം വലംവെച്ചു.

2012 ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കലവും 2016 റിയോ ഒളിംപിക്സില്‍ വെള്ളിയും ഇത്തവണ സ്വര്‍ണവും നേടി ജൈത്രയാത്ര തുടരുകയാണ് 30കാരനായ ബര്‍ശിം. 2017, 2019 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായിരുന്നു.

തീരുമാനം വന്നതിനു പിന്നാലെ ബര്‍ശിമിനും ടംബേരിക്കും അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. ഒളിംപിംക്സ് ചരിത്രത്തില്‍ പുതുചരിത്രമെഴുതി ഇരുവരും ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി. സോഷ്യല്‍ മീഡിയകളിലും അന്തരാഷ്ട്ര മാധ്യമങ്ങളും ഈ തീരുമാനത്തെ വാനോളം പുകഴ്ത്തി. തിങ്കളാഴ്ച പുറത്തിറങ്ങിയ പത്രങ്ങളിലെ പ്രധാന വാര്‍ത്തയും തലക്കെട്ടുമെല്ലാം ഇതായിരുന്നു.

ഇരു താരങ്ങളുടെയും പങ്കിട്ടെടുക്കലിനെയും നിഷ്‌കളങ്കതയെയും ലോകതാരങ്ങളടക്കം വാനോളം പുകഴ്ത്തി. അതേസമയം, ടംബേരിക്ക് പരുക്ക് പറ്റിയിരുന്നുവെന്നും അതിനാല്‍ അദ്ദേഹം പിന്മാറിയതിനാലാണ് ബര്‍ശിം ഇങ്ങനെ ഒരു തീരുമാനം റഫറിയോ ആവശ്യപ്പെട്ടതെന്നും നേരത്തെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് അറിയിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Related Articles