Current Date

Search
Close this search box.
Search
Close this search box.

മൂന്ന് വര്‍ഷത്തെ ഖത്തര്‍ ഉപരോധം ഉടന്‍ അവസാനിക്കും: യു.എസ്

വാഷിങ്ടണ്‍: മൂന്ന് വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന ഖത്തര്‍ ഉപരോധം ഉടന്‍ അവസാനിക്കുമെന്ന സൂചന നല്‍കി അമേരിക്ക. ബുധനാഴ്ച യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റിലെ മുതിര്‍ന്ന അംഗത്തെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തു വന്നത്. ഖത്തറിനെതിരെ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിക്കുമെന്നാണ് യു.എസിലെ പശ്ചിമേഷ്യന്‍ പ്രതിനിധി ഡേവിഡ് ഷെന്‍കറിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത്.

ഇതിനായുള്ള ചര്‍ച്ചകളുടെ സാധ്യതകള്‍ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയില്‍ ഇതുവരെ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ഉടന്‍ തന്നെ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാഷിങ്ടണ്‍ ആസ്ഥാനമായ ഒരു സ്ഥാപനം സംഘടിപ്പിച്ച ഓണ്‍ലന്‍ൈ മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഉപരോധ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്ക വിഷയങ്ങളിലും നിലപാടുകളിലും അയവ് വന്നിട്ടുണ്ട്. മുന്നോട്ടുള്ള ചര്‍ച്ചകളില്‍ മഞ്ഞുരുകാനാണ് സാധ്യത. പ്രശ്‌നപരിഹാരത്തിനായി അമേരിക്ക ഉന്നതതലത്തിലുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രത്യേക താല്‍പ്പര്യത്തോടെ വിഷയത്തില്‍ ഇടപെടുന്നുണ്ട്”-ഷെന്‍കര്‍ പറഞ്ഞു.

2017 ജൂണിലാണ് ഖത്തറിനെതിരെ അയല്‍രാജ്യങ്ങളായ യു.എ.ഇ,സൗദി,ബഹ്‌റൈന്‍,ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വ്യോമ,കര,നാവിക മേഖലകളില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയത്. ഭീകരവാദമടക്കമുള്ള വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. എന്നാല്‍ ആരോപണങ്ങളെല്ലാം ഖത്തര്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യു.എന്നിന്റെ കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നും അടുത്തിടെ ഖത്തറിനനുകൂലമായി വിധി വന്നിരുന്നു.

 

Related Articles