Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവിന്റെ രാജി: ഇസ്രായേലില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍

തെല്‍അവീവ്: ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രായേലില്‍ വീണ്ടും ആയിരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. നെതന്യാഹുവിനെതിരെ നിലനില്‍ക്കുന്ന അഴിമതി ആരോപണങ്ങളും കോവിഡ് പകര്‍ച്ചവ്യാധി തടയുന്നതിലുള്ള പാകപ്പിഴവുകളും ഉന്നയിച്ചാണ് കഴിഞ്ഞ മാസം മുതല്‍ ഇസ്രായേലില്‍ പ്രതിഷേധം ശക്തമായത്.

പ്രക്ഷോഭകരെ തെരുവുകളില്‍ നിന്നും പൊലിസ് ബലം പ്രയോഗിച്ച് നീക്കുകയാണ് ചെയ്യുന്നത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയും പൊലിസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്താണ് സംഘര്‍ഷം നടന്നത്. യു.എസിന്റെ മധ്യസ്ഥതയില്‍ യു.എ.ഇയുമായി പുതിയ നയതന്ത്ര കരാറില്‍ ഏര്‍പ്പെട്ടതിനു പിന്നാലെയാണ് പുതിയ പ്രതിഷേധം അരങ്ങേറിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ അര ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. കഴിഞ്ഞ എട്ട് ആഴ്ചയായി ഇസ്രായേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാണ്. കഴിഞ്ഞ ദിവസം പൊലിസും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ചിത്രങ്ങള്‍ വാര്‍ത്ത ഏജന്‍സികളിലും സോഷ്യല്‍ മീഡിയകളിലും വ്യാപകമായി പ്രചരിച്ചിരുന്നു. നിലവില്‍ നെതന്യാഹു അഴിമതിക്കേസില്‍ വിചാരണ നേരിടുന്നുണ്ട്.

 

Related Articles