Kerala VoiceNews

വിസ്മയങ്ങളുടെ മിഴി തുറന്ന് ‘ദ ഹെറിറ്റേജ്’ ദൃശ്യാവിഷ്‌കാരം

കോഴിക്കോട്: മതവിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച സമസ്ത മദ്റസകളുടെ ചരിത്ര വിസ്മയങ്ങളിലേക്ക് മിഴിതുറന്ന് ‘ദ ഹെറിറ്റേജ്’ ദൃശ്യാവിഷ്‌കാരം. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഉത്ഭവവും, വളര്‍ച്ചയും പ്രതിപാതിക്കുന്നതും, വിദ്യാഭ്യാസ രംഗത്തെ നൂതനവും പുതുമകളും ഉള്‍കൊള്ളുന്നതുമായ ദൃശ്യാവിഷ്‌കാരം പതിവ് കാഴ്ചകളില്‍ വ്യത്യസ്തമായ അനുഭവമാണ്. ‘വെളിച്ചത്തിന്റെ നറുവെളിച്ചം’ എന്ന പ്രമേയത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകള്‍ 10,000 കവിഞ്ഞതിന്റെ ഭാഗമായിട്ടാണ് കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ സമസ്ത മദ്റസയുടെ ചരിത്രവും വര്‍ത്തമാനവും പറയുന്ന പ്രദര്‍ശനം നടക്കുന്നത്.

ഇസ്്ലാമിക വൈജ്ഞാനിക രംഗത്തിന്റെ പ്രഭവ കേന്ദ്രമായ മക്കയിലെ ജബലുന്നൂറിലെ ഹിറാഗുഹയെ പശ്ചാത്തലമാക്കിയ കവാടത്തിലൂടെ ദ ഹെറിറ്റേജ് ദൃശ്യാവിഷ്‌കാരത്തിന്റെ വിസ്മയ വിരുന്നിലേക്ക് കാഴ്ചക്കാര്‍ക്ക് പ്രവേശിക്കാം. ഓത്തുപള്ളിയില്‍ തുടങ്ങി സമസ്തയുടെ നൂതന വിദ്യാഭ്യാസ പദ്ധതികളില്‍ അവസാനിക്കുന്നഇല്യൂമനേറ്റഡ് വാള്‍ എക്സ്പോയില്‍ സമസ്ത മദ്റസകളുടെ ആവിര്‍ഭാവവും, അതിനുവേണ്ടി പ്രയ്ത്നിച്ച പ്രമുഖരേയും പരിചയപ്പെടുത്തുന്നു. വാസ്‌കോഡ ഗാമ കേരളത്തിലെത്തിയത് മുതല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന ഏടുകളും, കുഞ്ഞാലിമരക്കാര്‍, വാരിയംകുന്നത്ത് തുടങ്ങി സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിത രേഖയും പ്രദര്‍ശനത്തിലുണ്ട്.

മലബാറില്‍ നടന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവമായ വാഗണ്‍ ട്രാജഡിയുടെ ദൃശ്യാവിഷ്‌കാരം, മതേതര ഇന്ത്യയുടെ ചരിത്രവും പുതിയ കാലത്തെ സംഭവ വികാസങ്ങളും ഉള്‍കൊള്ളിച്ചുള്ള ആസാദി പവ്ലിയന്‍, കേരളത്തിന്റെ മതവിദ്യാഭ്യാസ ചരിത്രത്തില്‍ ഒഴിച്ചു കൂടാനാകാത്ത വിധം വ്യാപിച്ച പള്ളി ദര്‍സുകളെ വിവരിക്കുന്ന ‘പള്ളി ദര്‍സുകള്‍ വഴി വിളക്കുകള്‍’, പഠനം എങ്ങിനെ നടക്കുന്നു’ ഓഡിയോ വിഷ്വല്‍ ഷോ, സമസ്ത മദ്റസകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നൂതന ആശയങ്ങള്‍ പങ്കുവെക്കുന്ന മദ്റസ @ 10000 പ്രാക്ടിക്കല്‍ ലാബ്, ഒന്നാം ക്ലാസ് ഒന്നാം തരം, സ്മാര്‍ട്ട് ലാബ് സജീകരിച്ച നാല് ഔട്ട് ഡോര്‍ പവ്ലിയനുകള്‍, എന്നിവയും പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമാണ്.

വിദ്യാഭ്യാസ ശാക്തീകരണത്തിനും സംരക്ഷണത്തിനും വേണ്ടി രൂപീകരിച്ച അസോസിയേഷന്‍ ഓഫ് സമസ് മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി), കുരുന്നുകള്‍ക്ക് ഇസ്്ലാമിക രീതിയില്‍ സംവിധാനിപ്പിച്ച അല്‍ബിര്‍ പ്രീ സ്‌കൂള്‍, സമന്വയ വിദ്യാഭ്യാസം, സ്ത്രീ വിദ്യാഭ്യാസം എന്നിവ പരിചയപ്പെടുത്തുന്നതിനും, സാങ്കേതിക വിദ്യാഭ്യാസത്തെ പരിചയപ്പെടുത്തുന്നതിന് സമസ്തയുടെ സംരംഭമായ എം.ഇ.എ എഞ്ചിനിയറിങ് കോളജ് പവലിയന്‍, ഉത്തരേന്ത്യന്‍ മദ്റസകളുടെ നടത്തിപ്പു രീതികളും കാഴ്ചകളും വിവരിക്കുന്ന ഔട്ട് ഡോര്‍ പവലിയനുകളും പ്രദര്‍ശനത്തിന്റെ ഭാഗമാണ്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശന സമയം. നേരത്തെ ഓണ്‍ലൈനായി രജിസ്ടര്‍ ചെയ്തവര്‍ക്കും, ഇതിനു പുറമെ നഗരിയില്‍ സ്പോട്ട് രജിസ്ട്രേഷനും സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രദര്‍ശനം മാര്‍ച്ച് 2 വരെ തുടരും.

Facebook Comments
Related Articles
Show More
Close
Close