Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടക: പാഠപുസ്തകത്തില്‍ നിന്നും നാരായണ ഗുരു, പെരിയാര്‍ ഭാഗങ്ങള്‍ ഒഴിവാക്കി

ബംഗളൂരു: പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നും സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ശ്രീ നാരായണ ഗുരു, പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ എന്നിവരുടെ പാഠഭാഗങ്ങള്‍ നീക്കം ചെയ്തു. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ആണ് പുതുതായി പത്താം ക്ലാസിലെ സാമൂഹ്യ പാഠം ടെക്സ്റ്റ് ബുക്കുകളില്‍ നിന്നും നവോത്ഥാന നായകരെ ഒഴിവാക്കിയത്.

പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് ബുക്കിലെ സാമൂഹികവും മതപരവുമായ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ എന്ന അധ്യായത്തില്‍ നി്ന്നാണ് ഇരുവരെയും നീക്കം ചെയ്തത്. ഇവരെക്കുറിച്ച് നേരത്തെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നു. കര്‍ണാടക ടെക്സ്റ്റ്ബുക്ക് സൊസൈറ്റി അതിന്റെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പുതിയ സോഷ്യല്‍ സയന്‍സ് പാര്‍ട്ട്-1 പാഠപുസ്തകത്തിന്റെ പി.ഡി.എഫ് പുറത്തിറങ്ങിയപ്പോഴാണ് ഇത് കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്.

രാജാറാം മോഹന്‍ റോയ് സ്ഥാപിച്ച ബ്രഹ്‌മ സമാജം, സ്വാമി ദയാനന്ദ സരസ്വതിയുടെ ആര്യസമാജം, ആത്മാറാം പാണ്ഡുരംഗിന്റെ പ്രാര്‍ത്ഥനാ സമാജം, ജ്യോതിബ ഫൂലെയുടെ സത്യശോധന സമാജം, സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ അലിഗഡ് പ്രസ്ഥാനം, രാമകൃഷ്ണ പരമഹംസരുടെയും സ്വാമി വിവേകാനന്ദന്റെയും രാമകൃഷ്ണ മിഷന്‍, ആനി ബസന്റിന്റെ തിയോസഫിക്കല്‍ സൊസൈറ്റി എന്നിവയെല്ലാം പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.

ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ഭാഗം പാഠപുസ്തകങ്ങളില്‍ നിലനിര്‍ത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മംഗളൂരു സിറ്റി സൗത്ത് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ജെ.ആര്‍ ലോബ് പറഞ്ഞു. ഹിന്ദുത്വ സര്‍ക്കാര്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവിനെ ബോധപൂര്‍വം അവഗണിക്കുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാവ്, ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തില്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ഒരു ടാബ്ലോ കേന്ദ്രസര്‍ക്കാര്‍ ആദ്യം റദ്ദാക്കിയെന്നും ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ഉള്ളടക്കം പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്‌തെന്നും പറഞ്ഞു.

Related Articles