Current Date

Search
Close this search box.
Search
Close this search box.

അഞ്ചു ദിവസത്തിനിടെ എട്ടാമത്തെ പ്രവിശ്യയും പിടിച്ചെടുത്ത് താലിബാന്‍

കാബൂള്‍: ആഭ്യന്തര കലഹം രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ എട്ടാമത്തെ പ്രവിശ്യ തലസ്ഥാനവും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും പിടിച്ചെടുത്ത് താലിബാന്‍. കഴിഞ്ഞ ദിവസം ഫറ അടക്കമുള്ള രണ്ടു നഗരങ്ങള്‍ കൂടി താലിബാന്‍ പിടിച്ചെടുത്തു. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ പുലെ ഖുംരിയും വടക്കന്‍ പ്രവിശ്യയായ ബഗ്‌ലാനിന്റെയും നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് താലിബാന്‍ പ്രവിശ്യ പിടിച്ചെടുക്കല്‍ ആരംഭിച്ചത്. സുരക്ഷ സേനയുമായി ശക്തമായ ഏറ്റുമുട്ടലിനിടെയാണ് ചൊവ്വാഴ്ച താലിബാന്‍ ഗവര്‍ണര്‍ ഓഫീസും പൊലിസ് ആസ്ഥാന മന്ദിരവും സെന്‍ട്രല്‍ പ്രിസണും പിടിച്ചെടുത്തത്. എ.എഫ്.പി ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ താലിബാന്‍ പിടിച്ചെടുക്കുന്ന രണ്ടാമത്തെ നഗരമാണ് ഫറ. നേരത്തെ നിംറുസ് പ്രവിശ്യയും പിടിച്ചെടുത്തിരുന്നു. ഇറാനിലേക്ക് കടക്കാനുള്ള മറ്റൊരു അതിര്‍ത്തി മേഖലയാണ് ഫറ.

താലിബാന്‍ കഴിഞ്ഞ മാസങ്ങളില്‍ ഡസന്‍ കണക്കിന് ജില്ലകളും അതിര്‍ത്തി പ്രദേശങ്ങളും പിടിച്ചെടുക്കുകയും നിരവധി പ്രവിശ്യ തലസ്ഥാനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു.

2001 ല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം അട്ടിമറിച്ചതിന് ശേഷമാണ് രാജ്യത്ത് കര്‍ശനമായ ഇസ്ലാമിക നിയമം പുനസ്ഥാപിക്കാനുള്ള പോരാട്ടം താലിബാന്‍ ആരംഭിച്ചത്. ഓഗസ്റ്റ് അവസാനത്തോടെ യു.എസ് സൈന്യം പൂര്‍ണമായും അഫ്ഗാനില്‍ നിന്നും പിന്മാറുമെന്ന് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് അഫ്ഗാന്‍ സര്‍ക്കാര്‍ സൈന്യവും താലിബാന്‍ സായുധ സംഘവും തമ്മില്‍ പോരാട്ടം വീണ്ടും ശകതമായത്. തീരുമാനത്തില്‍ നിന്നും പിന്മാറില്ലെന്ന് കഴിഞ്ഞ ദിവസം ബൈഡന്‍ ആവര്‍ത്തിച്ചിരുന്നു.

Related Articles