Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനില്‍ സമഗ്രാധിപത്യം; യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച് താലിബാന്‍- Live Updates

കാബൂള്‍: ആഴ്ചകള്‍ നീണ്ട രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക് ശേഷം അഫ്ഗാനില്‍ സമഗ്രാധിപത്യം പ്രഖ്യാപിച്ച് താലിബാന്‍. ഞായറാഴ്ച തലസ്ഥാനമായ കാബൂളും പിടിച്ചടക്കിയതോടെ താലിബാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലും കൊടി നാട്ടി. അഫ്ഗാന്റെ മുഴുവന്‍ നിയന്ത്രണവും തങ്ങളുടെ കൈപ്പിടിയിലായെന്നും പുതിയ സര്‍ക്കാര്‍ ഉടന്‍ നിലവില്‍ വരുമെന്നും താലിബാന്‍ പറഞ്ഞു. ഞായറാഴ്ച അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. അഫ്ഗാനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് ഐക്യരാഷ്ട്രസഭയുടെ അടിയന്തര യോഗം ചേരും.

കൊട്ടാരത്തിന്റെ നിയന്ത്രണം സായുധരായ താലിബാന്‍ പോരാളികള്‍ ഏറ്റെടുത്തതോടെ കാബൂളില്‍ പരിഭ്രാന്തിയും ഭയവും പിടിമുറുക്കിയിരിക്കുകയാണ്. പാശ്ചാത്യന്‍ രാജ്യങ്ങള്‍ അടക്കം 60 രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും രാജ്യത്ത് നിന്നും ഒഴിപ്പിക്കുന്ന പ്രക്രിയ തുടരുകയാണ്. രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന നൂറുകണക്കിന് പേര്‍ കാബൂള്‍ വിമാനത്താവളത്തില്‍ കൂട്ടമായെത്തിയിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലേക്ക് പോകാനുള്ളവര്‍ വിമാനത്തിലേക്ക് നിയന്ത്രണങ്ങള്‍ ലംഘിച്ച് തള്ളിക്കയറുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഇവര്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് അന്താരാഷ്ട്ര സമൂഹം താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പ്രസിഡന്റ് നാടുവിട്ടതോടെ അഫ്ഗാന്‍ യുദ്ധം അവസാനിച്ചുവെന്നും ഇനി സമാധാനപ്രക്രിയ ആരംഭിക്കുകയാണെന്നും താലിബാന്‍ വക്താക്കള്‍ പറഞ്ഞു. ദൈവത്തിന് നന്ദി, രാജ്യത്ത് യുദ്ധം അവസാനിച്ചു, സമാധാനപരമായ അന്താരാഷ്ട്ര ബന്ധങ്ങള്‍ക്ക് ഞങ്ങള്‍ ആഹ്വാനം ചെയ്യുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താലിബാന്‍ ഏകാന്ത ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഫ്ഗാനിസ്ഥാനിലെ പുതിയ സര്‍ക്കാരിന്റെ നയവും രൂപവും ഉടന്‍ വ്യക്തമാക്കുമെന്നും തിങ്കളാഴ്ച താലിബാന്‍ നേതാക്കള്‍ അറിയിച്ചു. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാക്കുമെന്നും താല്‍ക്കാലികമായി മൂന്നംഗ സമിതിക്കാണ് ഭരണച്ചുമതല നല്‍കിയിരിക്കുന്നതെന്നും അറിയിച്ചു.
എന്നാല്‍, കാബൂളിനെ സംരക്ഷിക്കാന്‍ കൂടുതല്‍ സൈന്യത്തെ അഫ്ഗാനിലേക്ക് അയക്കുമെന്ന് യു.എസ് അറിയിച്ചു.

Updating….

Related Articles