Current Date

Search
Close this search box.
Search
Close this search box.

തബ്‌ലീഗ് ജമാഅത്തിനെതിരെയുള്ള ദുഷ്പ്രചാരണം അവസാനിപ്പിക്കുക: മതനേതാക്കള്‍

കോഴിക്കോട്: ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനത്തിനെതിരെ സന്ദര്‍ഭം മുതലെടുത്ത് വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നത് മാധ്യമങ്ങളും വ്യക്തികളും അവസാനിപ്പിക്കണമെന്ന് വിവിധ മതസംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയകളിലൂടെയും നേതാക്കളുടെ ആഹ്വാനം.

സയ്യിദ് സആദത്തുല്ലാഹ് ഹുസൈനി, (അഖിലേന്ത്യാ പ്രസിഡന്റ്
ജമാഅത്തെ ഇസ്ലാമി ഹിന്ദ്)

തബ്ലീഗ് ജമാഅത്തിനെ ലക്ഷ്യമിടുകയും അതിനേക്കാള്‍ വലുതും നിരുത്തരവാദപരവുമായ ഒത്തുചേരലുകളെ അവഗണിക്കുകയും ചെയ്യുക.
ഇത്രയും വലിയ ഒരു ആരോഗ്യ പ്രതിസന്ധിയുടെ സന്ദര്‍ഭത്തില്‍ സാമുദായിക ധ്രുവീകരണത്തിന്റെ വൃത്തികെട്ട രാഷ്ട്രീയം കളിക്കുക. ഇത് നമ്മുടെ പൊതു വ്യവഹാരത്തിന്റെ ലജ്ജാകരമായ അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ സമയത്ത് നമ്മള്‍ കൂടുതല്‍ ഉത്തരവാദിത്വ ബോധമുള്ളവരായിത്തീരുകയും കോവിഡിനെ നേരിടാന്‍ ഒറ്റക്കെട്ടായി പോരാടുകയും ചെയ്യാം.

ഡോ.ഹുസൈന്‍ മടവൂര്‍ (വൈസ് പ്രസിഡന്റ്, കെ.എന്‍.എം)

ഡല്‍ഹിയിലെ തബ്‌ലീഗ് മര്‍കസില്‍ സംഗമത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് കൊറോണ വൈറസ് കണ്ടെത്തി. മാധ്യമങ്ങള്‍ വിഷയം മറ്റൊരു ദിശയിലേക്കാണ് കൊണ്ടു പോവുന്നത്. അത് ശരിയല്ല. ഈ പ്രതിസന്ധി ഘട്ടത്തിലും ഇത് വേണോ .എന്താണ് സംഭവിച്ചതെന്ന്
ഞാന്‍ അന്വേഷിച്ചു. സത്യം മറ്റൊന്നാണെന്നാണ് മനസ്സിലായത്. മീഡിയ അത് കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്ന് അഖിലേന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ലാ റഹ്മാനി പ്രസ്താവനയില്‍ പറഞ്ഞു കഴിഞ്ഞു.
ഡല്‍ഹിയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്ന് മുമ്പായിരുന്നു അവിടെ നടന്ന പരിപാടി. ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസ് തബ്ലീഗിന്റെ ആഗോള കേന്ദ്രമാണ്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ജമാഅത്തുകള്‍ വന്നു പോവുക നിത്യസംഭവവുമാണ്. നൂറ് കണക്കിനാളുകളുണ്ടാവും എപ്പോഴുമവിടെ. എന്നും സംഗമങ്ങള്‍ തന്നെ. ഈ മര്‍കസ് ബംഗ്ലാ മസ്ജിദ് എന്നും അറിയപ്പെടും. നിസാമുദ്ദീന്‍ ദര്‍ഗ്ഗയും ഈ മര്‍കസും തമ്മില്‍ ഒരു ബന്ധവുമില്ല. ഇവിടത്തെ തബ്ലീഗുകാര്‍ ദര്‍ഗ്ഗാ വിശ്വാസികളുമല്ല. മാര്‍ച്ച് 20, 21
തിയ്യതികളിലായിരുന്നു പ്രസ്തുത സംഗമം.

അന്ന് രാജ്യത്ത് ലോക് ഡൌണോ കര്‍ഫ്യൂവോ ഇല്ല. അത് കൊണ്ട് തന്നെ അക്കാലത്ത് ഡല്‍ഹിയിലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിരവധി രാഷ്ട്രീയ പാര്‍ട്ടി സമ്മേളനങ്ങളും പൗരത്വ പ്രതിഷേധ കൂട്ടായ്മകളും മതസമ്മേളനങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും നിര്‍ബാധം നടക്കുന്നുണ്ടായിരുന്നു. എത്രയെത്ര ക്ഷേത്രോത്സവങ്ങള്‍, ക്രിസ്ത്യന്‍ പള്ളി പെരുന്നാളുകള്‍. ഡല്‍ഹിയില്‍ തന്നെ അന്ന് ജന്തര്‍ മന്തറില്‍ മൂന്നോ നാലോ ധര്‍ണ കള്‍ . പാര്‍ലിമെന്റ് സമ്മേളനത്തിന്നായി നമ്മുടെ എം.പി.മാരും ഡല്‍ഹി അസംബ്ലിയുള്ളതിനാല്‍ ഡല്‍ഹി എം എല്‍ എ മാരും ഡല്‍ഹി കലാപ ദുരിതങ്ങള്‍ നേരിട്ട് കാണാന്‍ പോയ സാമൂഹ്യ പ്രവര്‍ത്തകരും ഡല്‍ഹിയിലുണ്ടായിരുന്ന സമയമാണത്. എന്തിനേറെ, യു.പി.മുഖ്യമന്ത്രി യോഗി ആതിഥ്യ നാഥ് പങ്കെടുത്ത മഹാസമ്മേളനങ്ങളും ഇക്കാലത്ത് നടന്നിട്ടുണ്ട്. ഫ്‌ളയിറ്റുകളും ട്രെയിനുകളും മറ്റു വാഹനങ്ങളും അന്നുണ്ടായിരുന്നു. ഡല്‍ഹി ജുമാ മസ്ജിദില്‍ അടക്കം അവിടെയെല്ലാ പള്ളികളിലും ജമാഅത്തും ജുമുഅയും ഉണ്ടായിരുന്നു. ആ സമയത്തായിരുന്നു തബ്ലീഗ് സംഗമവും. എന്നാല്‍ പെട്ടെന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. 23 മുതല്‍ എല്ലാം നിശ്ചലം. ഒരു പകല്‍കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുന്നവരെല്ലാം സ്ഥലം വിട്ടു. മറ്റുള്ളവര്‍ അവിടെ കുടുങ്ങി.

ഇനി പുറത്ത് പോവരുതെന്ന് പോലീസും പറഞ്ഞു. ഇതാണ് സംഭവിച്ചത്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനമോ സൂക്ഷ്മതക്കുറവോ സംഭവിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇന്ത്യാ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ ട്രെയിനില്‍ സ്വന്തം വീട്ടിലെത്താല്‍ രണ്ടോ മൂന്നോ ദിവസം വേണമെന്നിരിക്കെ അത്രയും സമയം കൊടുക്കേണ്ടിയിരുന്നുവെന്നാണ് മൗലാനാ റഹ്മാനി പറയുന്നത്.

അതിനി പറഞ്ഞിട്ട് കാര്യമില്ല. രോഗികളെ ചികിത്സിക്കുകയും നിവാരണ മാര്‍ഗ്ഗങ്ങള്‍ ശക്തമാക്കുകയുമാണിപ്പോള്‍ വേണ്ടത്. രോഗം വന്നത് ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നും അമേരിക്കയില്‍ നിന്നും ഗള്‍ഫില്‍ നിന്നുമൊക്കെയാണ്. അത് ബാധിച്ചവരെല്ലാം തബ്ലീഗിന്ന് വന്നവരല്ലല്ലോ? ലോകത്ത് മരണപ്പെട്ട മുപ്പതിനായിരത്തിലധികം ആളുകള്‍ ഡല്‍ഹി മര്‍കസില്‍ വന്നവരോ വന്നവരുമായി ഇടപഴകിയവരോ അല്ല. എങ്കില്‍ പിന്നെ മാധ്യമങ്ങള്‍ ഈ ഹതഭാഗ്യര്‍ക്കെതിരില്‍ പെട്ടെന്ന് ചാടി വീണ് രംഗത്ത് വന്നത് അക്രമവും അനീതിയും തന്നെയല്ലെ ? ഞാന്‍ തബ്ലീഗുമായി ബന്ധമുള്ള ആളല്ല. എന്നാലും മാധ്യമങ്ങള്‍ അനവസരത്തില്‍ അവരെ ഉപദ്രവിക്കുന്നത് ശരിയല്ലെന്ന് പറയാതെ വയ്യ. പ്രശസ്തമായ ഒരു മുസ്ലിം സ്ഥാപനത്തിന്നെതിലുള്ള ഗൂഡാലോചനാണോ ഇതെല്ലാം എന്ന മൗലാനാ റഹ്മാനിയുടെ സംശയം അസ്ഥാനത്തല്ല

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (സമസ്ത)

തബ്ലീഗ് ജമാഅത്തിനോട് ആദര്‍ശരമായി വിയോജിപ്പുണ്ട്. തബ്ലീഗ് ആദര്‍ശ വൈകല്യത്തിനെതിരെ ഒരുപാട് പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്.
പക്ഷേ തബ്‌ലീഗ് ആസ്ഥാനമായ ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസിനെതിരെ ചില മാധ്യമങ്ങളും കേന്ദ്രങ്ങളും നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ തീര്‍ത്തും ദുരുദ്ദേശപരമാണെന്ന് പറയാതെ വയ്യ. തബ്ലീഗ് പ്രവര്‍ത്തകര്‍ അവരുടെ ആസ്ഥാനത്തില്‍ മാര്‍ച്ച് മധ്യത്തില്‍ പതിവ് പ്രകാരം ഒത്തുകൂടുന്നു. മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യൂ വരുന്നു. തുടര്‍ന്ന് ലോക്ക് ഡൗണും.

ഇതിനിടയില്‍ വിവിധ രാജ്യങ്ങളിലും വിവിധ സ്റ്റേറ്റുകളിലുമുള്ള ക്യാമ്പ് അംഗങ്ങള്‍ക്ക് മുഴുവന്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സ്വാഭാവികം മാത്രം. അവിടെ വന്നവരില്‍ പലരും വിദേശികളാണ്. രോഗപ്പകര്‍ച്ചക്ക് അതായിരിക്കാം കാരണം. കോവിഡ് 19 സംബന്ധിച്ച വിവരം മുന്‍കൂട്ടി ആര്‍ക്കും അറിയില്ലല്ലോ.
ക്യാമ്പില്‍ നിന്ന് പോയ ശേഷം ക്വാറന്റൈന്‍ സ്വീകരിച്ചില്ലെങ്കില്‍ അവര്‍ കുറ്റക്കാരാണ്. ഗവണ്‍മെന്റിന്റയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്. അതൊന്നുമില്ലാതെ ഏകപക്ഷീയമായി അവര്‍ക്കെതിരെ നടത്തുന്ന പ്രചരണങ്ങള്‍ നിഷ്പക്ഷമതികള്‍ അവസാനിപ്പിക്കണം.

Related Articles