Current Date

Search
Close this search box.
Search
Close this search box.

മറഡോണക്കുള്ള ആദരം തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളിലും; ഗ്രാഫിറ്റി ആര്‍ട്ടുമായി സിറിയ

ദമസ്‌കസ്: ഗ്രാഫിറ്റി ആര്‍ട്ട് ലോകമെമ്പാടും നേരത്തെ തന്നെ ജനശ്രദ്ധയാകര്‍ഷിച്ച കലയാണ്. കൂറ്റന്‍ മതിലിലും കെട്ടിടങ്ങളിലും തങ്ങള്‍ സമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശം വ്യത്യസ്ത തരം പെയിന്റിങ്ങിലൂടെ വരച്ചിടുന്ന കലയാണിത്. കഴിഞ്ഞ ദിവസം അന്തരിച്ച ലോക ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് വ്യത്യസ്ത രീതിയില്‍ ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ് സിറിയന്‍ കലാകാരന്‍.

വര്‍ഷങ്ങളായുള്ള ആഭ്യന്തര യുദ്ധം മൂലം തകര്‍ന്നടിഞ്ഞ സിറിയയിലെ കെട്ടിടത്തില്‍ ഗ്രാഫിറ്റി ആര്‍ട്ടിലൂടെ മറഡോണയുടെ ചിത്രങ്ങള്‍ വരച്ചിട്ടാണ് അസീസ് അല്‍ അസ്മര്‍ എന്ന കലാകാരന്‍ ശ്രദ്ധേയനായത്. നേരത്തെ തന്നെ അന്താരാഷ്ട്ര-ദേശീയ വിഷയങ്ങളില്‍ വിവിധ ഗ്രാഫിറ്റി വര്‍ക്കുകള്‍ ചെയ്ത് ജനശ്രദ്ധ നേടിയ അസീസ് മറഡോണയുടെ കടുത്ത ആരാധകന്‍ കൂടിയാണ്. തുടര്‍ന്ന് അദ്ദേഹം മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ അനശ്വരമാക്കാന്‍ തീരുമാനിക്കുകയും അര്‍ജന്റീനയുടെ ജഴ്‌സിയിലുള്ള മറഡോണയുടെ ചിത്രങ്ങള്‍ തകര്‍ന്ന കെട്ടിടവശിഷ്ടങ്ങളില്‍ വരച്ചിടുകയുമായിരുന്നു. വടക്കുപടിഞ്ഞാറന്‍ സിറിയന്‍ നഗരമായ ഇദ്‌ലിബിലാണ് അസീസ് ഡീഗോയുടെ ചിത്രം വരച്ചത്.

‘ഇദ്ലിബിലെ ആളുകള്‍ എന്ന നിലയിലാണ്, ഞങ്ങള്‍ മറഡോണയുടെ ചിത്രം ചുവരുകളില്‍ വരച്ചത് അസദ് ഭരണകൂടവും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്ന് തകര്‍ത്ത കെട്ടിടങ്ങളാണ് ഇതിന് ഉപയോഗിച്ചത്. വടക്കുപടിഞ്ഞാറന്‍ നഗരത്തിലെ മറഡോണയുടെ ആരാധകര്‍ക്ക് ഭരണകൂടത്തിന്റെ ഉപരോധം മൂലം വീടുകള്‍ നഷ്ടപ്പെട്ടു, ആഗോള സമൂഹം ഇതിനെക്കുറിച്ച് ബോധവാന്മാരാകണമെന്ന് കൂടി ഞങ്ങള്‍ ആഗ്രഹിക്കുന്നു- ഇത് കൂടിയാണ് ഗ്രാഫിറ്റിയുടെ പിന്നിലെ ഉദ്ദേശ്യമെന്നും അസീസ് അല്‍ അസ്മര്‍ പറഞ്ഞു. അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles