Current Date

Search
Close this search box.
Search
Close this search box.

അതിജീവനത്തിന്റെ ‘ടെന്റ് ഒളിമ്പിക്‌സു’മായി സിറിയന്‍ കുട്ടികള്‍- ചിത്രങ്ങള്‍ കാണാം

ജാവലിന്‍ ത്രോ, ഹര്‍ഡില്‍സ്, സ്പ്രിന്റ് മത്സരങ്ങള്‍, ഫുട്‌ബോള്‍ തുടങ്ങിയ ഇനങ്ങളില്‍ ആവേശകരമായ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. പശ്ചാതലത്തില്‍ വ്യത്യസ്ത നിരകളിലായി നീണ്ടുകിടക്കുന്ന ടെന്റുകളും. സിറിയയിലെ വടക്കുകിഴക്കന്‍ മേഖലയായ ഇദ്‌ലിബിലെ യുദ്ധ-സംഘര്‍ഷ ഭൂമിയിലെ ടെന്റുകളിലും മറ്റും കഴിയുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച ‘ടെന്റ് ഒളിമ്പിക്‌സ്’ ആണ് വേദി. രണ്ടാഴ്ചയായി നീണ്ടുനിന്ന വിശ്വ കായിക മാമാങ്കമായ ടോക്കിയോ ഒളിമ്പിക്‌സ് സമാപനത്തോടടുക്കുമ്പോഴാണ് അഭയാര്‍ത്ഥികളായി മാറിയ സിറിയയിലെ ബാല്യങ്ങള്‍ക്ക് വേണ്ടി സന്നദ്ധ സംഘടനകള്‍ ഇത്തരത്തില്‍ കായിക മേള സംഘടിപ്പിച്ചത്.

12 വ്യത്യസ്ത ക്യാംപുകളില്‍ നിന്നായി 120 പേരാണ് ക്യാംപില്‍ പങ്കെടുത്തത്. ഇദ്‌ലിബ് നഗരത്തിന് സമീപത്തെ യമന്‍ സെറ്റില്‍മെന്റിന് സമീപമാണ് ടെന്റ് ഒളിംപിക്‌സിന് വേദിയൊരുങ്ങിയത്. ടെന്റിനു സമീപമുള്ള ചുവന്ന ഗ്രൗണ്ടില്‍ ഒരുക്കിയ ട്രാക്കിലും ഫുട്‌ബോള്‍ പിച്ചിലുമായി വീറും വാശിയും നിറഞ്ഞ താരപോരാട്ടമാണ് നടന്നത്. യൂണിഫോം, ഹെഡ്ബാന്റ്, എന്നിവയണിഞ്ഞാണ് കുട്ടികള്‍ ഓരോ ടെന്റുകളെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്തത്.

ജാവലിന്‍ ത്രോ, ഡിസ്‌കസ് ത്രോ, ഹൈജംപ്, ഹര്‍ഡില്‍സ്, ജിംനാസ്റ്റിക്‌സ്, മാര്‍ഷ്യല്‍ ആര്‍ട്‌സ്, വോളിബോള്‍, ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ഓട്ട മത്സരങ്ങള്‍, കുതിരയോട്ടം എന്നിവയെല്ലാം അരങ്ങേറി. കുട്ടികള്‍ക്ക് പ്രത്യാശ നല്‍കാനും സിറിയന്‍ കുട്ടികളുടെ ദുരവസ്ഥ ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ലക്ഷ്യമിട്ടാണ് ടെന്റ് ഒളിംപിക്‌സ് നടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. നാം മുന്‍പ് ശ്രമിച്ചിട്ടില്ലാത്ത വിവിധ തരം കായിക ഇനങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക എന്നത് കൂടിയാണ് ഉദ്ദേശം.

വളരെ ബുദ്ധിമുട്ടുള്ള ജീവിതം നയിക്കുന്ന ക്യാമ്പ് അംഗങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു വെളിച്ചം നല്‍കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യമെന്നും സംഘാടകരിലൊരാളായ ഇബ്രാഹിം ഷര്‍മിനി പറഞ്ഞു. സിറിയക്കാരായ യുവാക്കള്‍ അഭയാര്‍ത്ഥികളായി ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. എങ്കിലും വടക്കുപടിഞ്ഞാറന്‍ സിറിയയിലെ പ്രതിനിധികള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത് ഞങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന ഒന്നാണ് അദ്ദേഹം പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്‌സില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ രണ്ട് ടീമുകളിലായിട്ടാണ് പ്രതിനിധീകരിച്ചത്. ആറ് പേര്‍ സിറിയന്‍ സര്‍ക്കാരിന്റെ ഭാഗമായിട്ടും ഒന്‍പത് പേര്‍ ഒളിമ്പിക് അഭയാര്‍ത്ഥി ടീമിന്റെ ഭാഗമായിട്ടുമാണ് മത്സരിച്ചിരുന്നത്. സിറിയന്‍ ടീമിന് മെഡല്‍ നേടാനായില്ലെങ്കിലും അഭയാര്‍ത്ഥി ടീം അംഗമായ അസദ് ഭാരോദ്വോഹനത്തിന് വെങ്കലം നേടി.

30 ലക്ഷം പേരാണ് ഇദ്‌ലിബ് പ്രവിശ്യയില്‍ കഴിയുന്നത്. ഇതില്‍ മൂന്നില്‍ രണ്ട് പേരും രാജ്യത്തെ 10 വര്‍ഷമായുള്ള ആഭ്യന്തര യുദ്ധം മൂലം മറ്റു ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് പലായനം ചെയ്തവരാണ്. ഇവയില്‍ ഭൂരിഭാഗം പേരും വീട് നഷ്ടമായി ശൈത്യകാലത്തെ തണുപ്പിനെയും വെള്ളപ്പൊക്കത്തെയും സഹിച്ചാണ് ടെന്റുകളില്‍ കഴിയുന്നത്. വിവിധ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഇവര്‍ക്കുള്ള ഭക്ഷണവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നത്.

2011ല്‍ ആരംഭിച്ച യുദ്ധം മൂലം സിറിയയില്‍ ഇതിനകം അഞ്ച് ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തിയും യുദ്ധം മൂലവുമെല്ലാം ദശലക്ഷക്കണക്കിന് പേരാണ് ഇതിനകം സിറിയയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.

എ.എഫ്.പി ന്യൂസ് ഏജന്‍സിയുടെ ഉമര്‍ ഹാജ് ഖദൂര്‍ പകര്‍ത്തിയ ടെന്റ് ഒളിമ്പിക്‌സിന്റെ ചിത്രങ്ങള്‍…

 

Related Articles