Current Date

Search
Close this search box.
Search
Close this search box.

ഗോലന്‍: യു.എന്‍ അടിയന്തര യോഗം വിളിക്കണമെന്ന് സിറിയ

ദമസ്‌കസ്: ഗോലന്‍ കുന്നുകളിലെ ഇസ്രായേല്‍ മേധാവിത്വം യു.എസ് അംഗീകരിച്ച സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ അടിയന്തിര യോഗം വിളിക്കണമെന്ന് സിറിയ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഇതു സംബന്ധിച്ച ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടന അടിയന്തര ഇടപെടല്‍ നടത്തണമെന്ന ആവശ്യവുമായി സിറിയ മുന്നോട്ടു വന്നത്.

ഗോലന്‍ കുന്നുകളില്‍ ഇസ്രായേലിന്റെ അധിനിവേശം അംഗീകരിച്ച അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണെന്ന് സിറിയന്‍ അധികൃതര്‍ പറഞ്ഞു. ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന യു.എന്‍ കൗണ്‍സില്‍ പ്രസിഡന്‍സിയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിറിയ യു.എന്നിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇതിനെതിരെ പ്രമേയം പാസാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 52 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കഴിഞ്ഞയാഴ്ച ഗോലന്‍ കുന്നുകളിലെ ഇസ്രായേല്‍ പരമാധികാരത്തെ അംഗീകരിച്ച് ട്രംപ് പ്രസ്താവനയിറക്കിയത്.

1967ല്‍ അറബ്-ഇസ്രായേല്‍ യുദ്ധവേളയിലാണ് സിറിയയിലെ ഗോലന്‍ കുന്നുകള്‍ ഇസ്രായേല്‍ അധിനിവേശം നടത്തി കൈയേറിയത്. സംഭവത്തെ 1981ല്‍ യു.എന്‍ സുരക്ഷ സമിതി ഐക്യഖണ്ഡേന എതിര്‍ത്തിരുന്നു.

Related Articles