Current Date

Search
Close this search box.
Search
Close this search box.

കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ട്വീറ്റുകള്‍

ന്യൂഡല്‍ഹി: കാശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയില്‍ പലയിടത്തും കാശ്മീരി വിദ്യാര്‍ത്ഥികളും കച്ചവടക്കാരും വ്യാപകമായി ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നാലെ അവര്‍ക്ക് പിന്തുണയുമായി ധാരാളം പേര്‍ രംഗത്തു വന്നു. ട്വിറ്റര്‍,ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് കാശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ചത്.

‘എനിക്ക് പറയാനുള്ളത്, നിങ്ങള്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ വിളിക്കാം. എന്നെപ്പോലെ ഒരായിരം പേരുടെ ഹൃദയവും വാതിലും എന്നും നന്മയുടെ മുന്നില്‍ തുറന്നു തന്നെ കിടക്കും. നമുക്കൊന്നിച്ചു ഇരുട്ടിന്റെ ശക്തികളെ പ്രതിരോധിക്കാം’ ഇതായിരുന്നു ഒരു ട്വീറ്റ്.

‘ഇന്ത്യക്കു വേണ്ടി രക്തം നല്‍കിയ ഒരുപാട് കാശ്മീരികള്‍ കഴിഞ്ഞു പോയിട്ടുണ്ട്. ഇന്നും ഭീകരരെ തടയുന്നതില്‍ അവരുടെ പങ്ക് വലുതാണ്. നിരായുധരും നിരാശ്രയരുമായ കാശ്മീരികളെ ആക്രമിക്കുന്നത് നമ്മുടെ ദേശീയ പാരമ്പര്യത്തിന് എതിരാണ്’ ഇങ്ങിനെയായിരുന്നു ശ്രീനഗര്‍ മേയര്‍ ട്വീറ്റ് ചെയ്തത്.

‘സൈന്യത്തെ വധിച്ചത് കാശ്മീരിയാണ് എന്നത് പോലെ തന്നെ അയാള്‍ ഒരു ഇന്ത്യക്കാരന്‍ കൂടിയായിരുന്നു. എന്നുവെച്ച് എല്ലാ ഇന്ത്യക്കാരും കുറ്റക്കാരാകുമോ’ എന്നാണു മറ്റു ചിലര്‍ പ്രതികരിച്ചത്. കാശ്മീര്‍ ദുരന്തത്തെ ഉപയോഗിച്ചു വംശീയത രൂപപ്പെടുത്താന്‍ സംഘ പരിവാര്‍ ശ്രമിച്ചപ്പോള്‍ നല്ല മനുഷ്യര്‍ അതിനെ പ്രതിരോധിക്കാന്‍ മുന്നോട്ടു വന്നത് വിദേശ മാധ്യമങ്ങള്‍ പോലും കാര്യമായി തന്നെ എടുത്തു പറയുന്നു. ‘കാശ്മീര്‍ എന്നതിനേക്കാള്‍ ഇന്ത്യക്കാണ് പ്രഹരമേറ്റത്. ഈ സമയം നാം പരസ്പരം കടിച്ചു കീറുകയല്ല വേണ്ടത് പകരം ശത്രുവിനെതിരെ നാം ഒറ്റക്കെട്ടാണ് എന്ന് ലോകത്തെ ബോധ്യപ്പെടുത്തണം’. എന്നിങ്ങനെയും പ്രതികരണങ്ങള്‍ വന്നു.

ബീഹാര്‍,യു പി എന്നിവിടങ്ങളില്‍ നടന്ന ആക്രമണത്തില്‍ നാലോളം കാശ്മീരി വ്യാപാരികള്‍ക്ക് പരിക്കേറ്റിരുന്നു. അത്‌കൊണ്ട് അവരോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു മുംബൈ,ഡല്‍ഹി,ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ കൂടുതല്‍ സഹായ മനസ്സുമായി രംഗത്തു വന്നു. കാശ്മീരികള്‍ ഇന്ത്യയുടെ ഭാഗമാണ്. അവരെ കൂടി ഒപ്പം നിര്‍ത്തി മാത്രമേ ഭീകരരെ അവസാനിപ്പിക്കാന്‍ കഴിയൂ എന്ന രീതിയിലും പലരും ട്വീറ്റ് ചെയ്തിരുന്നു.

Related Articles