Current Date

Search
Close this search box.
Search
Close this search box.

സുഡാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; സര്‍ക്കാരിനെ പിരിച്ചു വിട്ടു

കാര്‍തൂം: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന സുഡാനില്‍ ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിലവിലെ ഫെഡറല്‍ സര്‍ക്കാരിനെ പിരിച്ചുവിടുകയും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഗവര്‍ണര്‍മാരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. പ്രസിഡന്റ് ഒമര്‍ അല്‍ ബാശിര്‍ ആണ് രാജ്യത്തെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ബാശിര്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങേണ്ടി വരുമെന്ന് നേരത്തെ സുഡാന്‍ ദേശീയ സുരക്ഷ-ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത തവണയും ബാശിറിനെ പ്രസിഡന്റ് പദവിയില്‍ നിലനിര്‍ത്തുന്നതിനുള്ള ഭരണഘടന ഭേദഗതി മാറ്റിവെക്കാന്‍ അദ്ദേഹം പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിരവധി ആഴ്ചകളായി ബാശിറിനെതിരെ സുഡാനില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും സൈന്യവും തമ്മില്‍ നിരവധി ഇടങ്ങളിലാണ് ഏറ്റുമുട്ടലുകള്‍ നടത്തുന്നത്. പ്രതിഷേധക്കാര്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു ശേഷം രാജ്യത്തെ 18 പ്രവിശ്യകളിലും സൈന്യത്തിനും സുരക്ഷ സേനക്കും അധികാരം കൈമാറുന്നതായ പ്രഖ്യാപനവും അദ്ദേഹം നടത്തി. മുഴുവന്‍ പ്രദേശിക ഭരണകൂടങ്ങളും പിരിച്ചുവിട്ടിട്ടുണ്ട്. പുറത്താക്കപ്പെട്ട സര്‍ക്കാരിലെ വിദേശ,പ്രതിരോധ,നീതിന്യായ വകുപ്പ് മന്ത്രിമാരെ തല്‍സ്ഥാനത്തത് നിലനിര്‍ത്തുന്നതായും ബാശിര്‍ പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 19നാണ് രാജ്യത്ത് എണ്ണ വിലവര്‍ധനവിലും ഭക്ഷ്യവില വര്‍ധനവിലും പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി ബാശിറിന്റെ ഏകാധിപത്യ ഭരണമാണ് സുഡാനില്‍.

Related Articles