ഖാര്‍തൂം: നിര്‍ത്തിവെച്ച സമാധാന കരാറുമായി മുന്നോട്ടുപോകാന്‍ ധാരണയിലെത്തിയതായി സുഡാനും ഇസ്രായേലും വ്യാഴാഴ്ച അറിയിച്ചു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ തലസ്ഥാനമായ ഖാര്‍തൂമില്‍ വെച്ച് നടത്തിയ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണ് ഇരുരാഷ്ട്രങ്ങളും തമ്മില്‍ ധാരണയിലെത്തിയതെന്ന് സുഡാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
2021 ജനുവരിയിലാണ് സുഡാന്‍ ഇസ്രായേലുമായി ഔദ്യോഗികമായി ബന്ധം സ്ഥാപിക്കാന്‍ ധാരണയിലെത്തുന്നത്. സ്റ്റേറ്റ് ധനസഹായമുള്ള ഭീകരവാദ പട്ടികയില്‍ നിന്ന് രാജ്യത്തെ യു.എസ് ഒഴിവാക്കണമെന്ന ആവശ്യമായിരുന്നു സുഡാനുണ്ടായിരുന്നത്. എന്നാല്‍, ബന്ധം സാധാരണ നിലയിലാക്കുന്നത് സുഡാന്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
ദീര്‍ഘകാലം രാജ്യം ഭരിച്ചിരുന്ന ഉമര്‍ അല്‍ ബശീറിനെ പുറത്താക്കിയതിനെ തുടര്‍ന്ന് 2021 ഒക്ടോബറില്‍ ഉണ്ടായ സൈനിക അട്ടിമറി രാജ്യത്തെ ജനാധിപത്യ പരിവര്‍ത്തനത്തിന് വിഘാതം സൃഷ്ടിച്ചു. ഇത് രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ചിരിക്കുകയാണ്.
യു.എസിന്റെ മധ്യസ്ഥതയില്‍ അബ്രഹാം ഉടമ്പടി പ്രകാരം ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്ന നാലാമത്തെ അറബ് രാഷ്ട്രമാണ് സുഡാന്‍. നേരത്തെ യു.എ.ഇ, മൊറോക്കോ, ബഹ്‌റൈന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്.
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL