Current Date

Search
Close this search box.
Search
Close this search box.

‘മോഡി @ 20’ സെമിനാറിനെതിരെ ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ വെള്ളപൂശാനും ക്യാംപസിനെ കാവിവല്‍കരിക്കാനുമുള്ള സര്‍വകലാശാല അധികൃതരുടെ നടപടിക്കെതിരെ ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയയിലെ വിദ്യാര്‍ത്ഥികള്‍. ‘Modi@20: Dream meets delivery’ എന്ന പേരില്‍ ക്യാംപസില്‍ സെമിനാല്‍ നടത്താനുള്ള സര്‍വകലാശാല അധികൃതരുടെ നീക്കത്തിനെതിരെയാണ് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ക്യാംപസിനകത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

‘കാമ്പസിനെ കാവിവല്‍ക്കരിക്കാനുള്ള സര്‍വ്വകലാശാലാ ഭരണകൂടത്തിന്റെ സാഹസിക ശ്രമം’ എന്ന പേരില്‍ സമാന്തരമായി കോളേജ് ഗേറ്റിന് മുന്‍പില്‍ വിദ്യാര്‍ത്ഥികള്‍ പരിപാടി സംഘടിപ്പിച്ചു. ഐസ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, എസ്.എഫ്.ഐ, എന്‍.എസ്.യു, എം.എസ്.എഫ്, എസ്.ഐ.ഒ,ക്യാംപസ് ഫ്രണ്ട് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിക്കുന്ന ‘ആസാദി കി അമൃത് മഹോത്സവി’ന്റെ ഭാഗമായി രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെല്ലാം ഇതേ വിഷയത്തില്‍ സെമിനാറുകള്‍ നടത്തുന്നുണ്ട്.

മലേഗാവ്, അജ്മീര്‍ സ്ഫോടനക്കേസുകളില്‍ പ്രതിയായ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ ഇന്ദ്രേഷ് കുമാറിനെ സെമിനാറിലേക്ക് ക്ഷണിച്ച അധികൃതരുടെ നടപടിക്കെതിരെ ജാമിഅയിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

2002ലെ ഗുജറാത്ത് മുസ്ലീം വംശഹത്യയ്ക്ക് ശേഷം ബി ജെ പി സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങള്‍ വെള്ളപൂശാന്‍ സ്ഥാപിതമായ രാഷ്ട്രീയ മുസ്ലീം മഞ്ച് ഇപ്പോള്‍ ജാമിയ മില്ലിയ ഇസ്ലാമിയ പോലുള്ള ന്യൂനപക്ഷ സ്ഥാപനത്തില്‍ പ്രവേശിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തെ ക്യാംപസില്‍ കാലുകുത്തിക്കില്ലെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ പറഞ്ഞു.

ചരിത്രപരമായ സിഎഎ വിരുദ്ധ പ്രതിഷേധത്തിന് ശേഷം, ജാമിഅ മില്ലിയ ഇസ്ലാമി അടുത്തിടെയാണ് ഓഫ്ലൈന്‍ ക്ലാസുകള്‍ക്കായി ഭാഗികമായി വീണ്ടും തുറന്നത്. എന്നാല്‍, കാമ്പസിനു പുറത്ത് പോലീസ്, അര്‍ദ്ധസൈന്യത്തിന്റെയും ശക്തമായ സാന്നിധ്യമാണുള്ളത്.

Related Articles