ഡല്‍ഹി: ദലിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹത്രാസിലേക്കുള്ള യാത്ര മധ്യേ അറസ്റ്റിലായ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ വിദ്യാര്‍ത്ഥി നേതാവായിരുന്ന അതീഖുറഹ്‌മാന്‍ 962 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം. മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെയും അതീഖിനൊപ്പമായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യാഴാഴ്ചയാണ് ജാമ്യം ലഭിച്ചത്.
ജാമ്യ നടപടികള്‍ പൂര്‍ത്തിയായാല്‍ 962 ദിവസത്തിന് ശേഷം ജയില്‍ മോചിതനാകാന്‍ കഴിയും. അറസ്റ്റിലാകുമ്പോള്‍, 28 കാരനായ അതീഖ് പിഎച്ച്ഡി ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു. ജന്മനാ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലുമായിരുന്നു അദ്ദേഹം.
യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതു മുതല്‍ റഹ്‌മാനെ ഉടന്‍ മോചിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
രണ്ട് മാസം മുമ്പാണ് യുഎപിഎ ചുമത്തപ്പെട്ട ഹത്രാസ് ഗൂഢാലോചന കേസില്‍ റഹ്‌മാന് ജാമ്യം ലഭിച്ചത്. ജയിലില്‍ വെച്ച് തളര്‍വാതം ബാധിച്ച് അബോധാവസ്ഥയിലായ അതീഖിനെ ലഖ്നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി (കെജിഎംയു) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
രണ്ട് വര്‍ഷം മുമ്പ്, 2020 ഒക്ടോബര്‍ 5നാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍, ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥി മസൂദ് അഹമ്മദ്, ടാക്‌സി ഡ്രൈവര്‍ മുഹമ്മദ് ആലം എന്നിവര്‍ക്കൊപ്പം ഉത്തര്‍പ്രദേശിലെ മഥുരയില്‍ വെച്ച് അതിഖുറഹ്‌മാനും അറസ്റ്റിലാകുന്നത്.
ഉത്തര്‍പ്രദേശ് പോലീസ് ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ‘രാജ്യദ്രോഹം’, ‘സംഘങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍’, ‘മതവികാരം വ്രണപ്പെടുത്തല്‍’, ‘ക്രിമിനല്‍ ഗൂഢാലോചന’ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. യുഎപിഎ വകുപ്പ് പ്രകാരം തീവ്രവാദ പ്രവര്‍ത്തനത്തിന് ഫണ്ട് സ്വരൂപിക്കുന്നു’, ‘ഭീകരപ്രവര്‍ത്തനത്തിന് ഗൂഢാലോചന’ എന്നീ കുറ്റങ്ങളും ചുമത്തിയിരുന്നു.