Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനില്‍ ശക്തമായ ഭൂചലനം: 250ലേറെ മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ മേഖലയില്‍ വന്‍ ഭൂചലനം. 250ലേറെ ആളുകള്‍ മരിച്ചതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പാകിസ്താനോട് അതിര്‍ത്തി പങ്കിടുന്ന മേഖലയായ പക്തിക പ്രവിശ്യയിലാണ് ഭൂകമ്പം ഉണ്ടായത്. 200ലധികം പേര്‍ക്ക് പരുക്കേറ്റതായും അഫ്ഗാന്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് താലിബാന്‍ പ്രകൃതി ദുരന്ത വകുപ്പ് തലവന്‍ മുഹമ്മദ് നസീം ഹഖാനി പറഞ്ഞു. കൂടുതല്‍ ആളപായമുണ്ടോ എന്നറിയാന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ഫോട്ടോഗ്രാഫുകളില്‍ വീടുകള്‍ തകര്‍ന്നതായി കാണിച്ചിട്ടുണ്ട്. തലസ്ഥാനമായ കാബൂള്‍ വരെയുള്ള ആളുകള്‍ക്ക് തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, പാക്കിസ്ഥാനില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 51 കിലോമീറ്റര്‍ (31 മൈല്‍) ദൂരത്തില്‍ ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

കാര്യമായ വികസനം എത്താത്ത ഒറ്റപ്പെട്ടുകിടക്കുന്ന മേഖലയിലാണ് ഭൂചലനമുണ്ടായത്. അതിനാല്‍ തന്നെ ഇവിടെ എത്തിച്ചേരാന്‍ പ്രയാസമാണ്.മേഖലയില്‍ 100 വീടുകള്‍ തകര്‍ന്നതായും അധികൃതര്‍ ഹെലികോപ്റ്ററുകള്‍ കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും മറ്റുള്ള സഹായ ഏജന്‍സികളോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ പ്രദേശത്തെ മിക്ക വീടുകളും പരമ്പരാഗതമായി മണ്ണും കല്ലും മറ്റ് വസ്തുക്കളും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്, കോണ്‍ക്രീറ്റ് വീടുകള്‍ ഇവിടെ അപൂര്‍വ്വമാണ്.

അഫ്ഗാനിസ്ഥാന്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഭൂകമ്പം ഉണ്ടായത്, അടിസ്ഥാന സൗകര്യങ്ങളും മെഡിക്കല്‍ സൗകര്യങ്ങള്‍ക്കും രാജ്യത്ത് പ്രയാസം നേരിടുന്നുണ്ട്.

Related Articles