Current Date

Search
Close this search box.
Search
Close this search box.

ശ്രീലങ്കയിലെ ഭീകരാക്രമണം മനുഷ്യസമൂഹത്തോടുള്ള യുദ്ധം: ടി.പി അബ്ദുല്ലക്കോയ മദനി

കോഴിക്കോട്: ഈസ്റ്റര്‍ ദിനത്തില്‍ ശ്രിലങ്കയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി. പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. ക്രിസ്ത്യന്‍ സമൂഹം വിശുദ്ധ ദിനമായി കാണുന്ന ദിവസം തന്നെ ഈ മനുഷ്യക്കുരുതിക്ക് തെരഞ്ഞെടുത്തവര്‍ മാനവരാശിയുടെ ശത്രുക്കളാണ്. തമിഴ്പുലികളെ അമര്‍ച്ച ചെയ്ത രാജ്യം സമാധാനത്തിലേക്ക് നടന്നുനീങ്ങുമ്പോള്‍ ഭീകരാക്രമണം നടത്തിയവരെ പുറത്ത് കൊണ്ടുവരാന്‍ എല്ലാ സഹായവും ആഗോള സമൂഹം നല്‍കണം.

ശ്രീലങ്കയെ ഭീകരവാഴ്ചയിലേക്ക് എറിഞ്ഞ് കൊടുക്കാനുള്ള ശ്രമം അപലപനീയമാണ്. തീവ്രവാദ ഗ്രൂപ്പുകളെയും ഭീകര സംഘടനകളെയും ഇല്ലാതാക്കാന്‍ കൂടുതല്‍ ജാഗ്രത വേണമെന്ന പാഠമാണ് ശ്രീലങ്ക നല്‍കുന്നതെന്നും ടി.പി പറഞ്ഞു.

ശ്രീലങ്ക അശാന്തിയിലേക്ക് നീങ്ങുന്നത് അയല്‍ രാജ്യമായ ഇന്ത്യക്കും തലവേദന സൃഷ്ടിക്കും. തീവ്രവാദത്തെ മതവും നിറവും നോക്കാതെ നേരിടാന്‍ ലോകം കൈകോര്‍ക്കണം. എല്ലാവിധ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ ജനാധിപത്യ ചേരിയില്‍ നിന്ന് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles